എം.എൽ.എയുടെ കൈയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി എസ്.ഐ, ഭീഷണിയും
കണ്ണൂർ: സർക്കാർ നഴ്സുമാരുടെ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എയെ അധിക്ഷേപിച്ച് എസ്.ഐയുടെ പരാക്രമം.
എം വിജിൻ എം.എൽ.എയെയാണ് കണ്ണൂർ ടൗൺ എസ്.ഐ പി.പി ഷെമീൽ കേസെടുക്കുമെന്നും ഉദ്ഘാടനം തടയുമെന്നും ഭീഷണിപ്പെടുത്തിയത്.
മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.ജി.എൻ.എ നേതൃത്വത്തിലായിരുന്നു മാർച്ച്. കളക്ടറേറ്റ് ഗേറ്റിൽ പൊലീസുകാരില്ലാത്തതിനാൽ കെ.ജി.എൻ.എ പ്രവർത്തകർ കളക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കടന്നതാണ് എസ്.ഐയെ പ്രകോപിപ്പിച്ചത്.
വിവരമറിഞ്ഞെത്തിയ എസ്.ഐ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. നഴ്സുമാരെ ഗേറ്റിന് പുറത്തെത്തിച്ച ശേഷം ഉദ്ഘാടനം ചെയ്യാമെന്ന് എം.എൽ.എ പറഞ്ഞെങ്കിലും എല്ലാവരെയും അറസ്റ്റു ചെയ്യുമെന്നും കേസെടുക്കുമെന്നും എസ്.ഐ ഭീഷണി മുഴക്കി.
മാധ്യമ പ്രവർത്തകരടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു എസ്.ഐയുടെ ആക്രോശം. മാർച്ച് കഴിഞ്ഞതിനു ശേഷം, കേസെടുക്കുന്നതിന് എം.എൽ.എയുടെ പേരു ചോദിച്ച് എഴുതിവയ്ക്കാൻ വനിതാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
തന്നോട് അപമര്യാദയായി പെരുമാറുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്ത എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എം വിജിൻ എം.എൽ.എ സിറ്റി പൊലീസ് കമീഷണർ അജിത്ത്കുമാറിന് പരാതി നൽകി.
ചൊക്ലി സ്റ്റേഷനിൽ നിരന്തരം പ്രശ്നം സൃഷ്ടിച്ചതിനെ തുടർന്ന് അടുത്തിടെ കണ്ണൂരിലേക്ക് സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ് പി.പി ഷെമീൽ.
മരണ വീട്ടിൽ അപമര്യാദയായി പെരുമാറിയതിന് ഷെമീലിനെതിരെ നാട്ടുകാർ രംഗത്തു വന്നിരുന്നു. പഞ്ചായത്തംഗത്തെ അസഭ്യം പറഞ്ഞതടക്കം പരാതികൾ കൂടിയതോടെയാണ് കണ്ണൂരിലേക്ക് മാറ്റിയത്.