ജസ്ന തിരോധാനം; അന്വേഷണം നടത്തി, മരിച്ചതിനും മത പരിവർത്തനം നടത്തിയതിനും തെളിവില്ലെന്ന് സി.ബി.ഐ
തിരുവനന്തപുരം: ജസ്ന മരിച്ചതിനും മത പരിവർത്തനം നടത്തിയതിനും തെളിവില്ലെന്ന് സി.ബി.ഐ. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവർത്തനകേന്ദ്രങ്ങളിലും അന്വേഷണം നടത്തി.
കേരളത്തിൽ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാൽ എവിടെ നിന്നും തെളിവുകൾ ലഭിച്ചിട്ടില്ലെന്നും തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ലെന്നും റിപ്പോർട്ട്.
സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജെസ്നയെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ജെസ്ന മരിച്ചതിനും തെളിവില്ല.
അതേസമയം, ജസ്ന കൊവിഡ് വാക്സിൻ എടുത്തതിൻറെയോ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിൻറെയോ തെളിവ് ലഭിച്ചിട്ടില്ല.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിലും ജെസ്നയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചില്ല.
ജസ്നയുടെ തിരോധാനത്തിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട മിക്ക അജ്ഞാത മൃതദേഹങ്ങളും പരിശോധിച്ചു. കേരളത്തിൽ ആത്മഹത്യ നടക്കാറുള്ള എല്ലാ മേഖലകളിലും അന്വേഷിച്ചു.
ജസ്നയെ കണ്ടെത്താനായി ഇൻറർപോളിൻറെ സഹായം തേടിയിട്ടുണ്ട്. ഇൻറർപോളിൻറെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരുടെ ഭാഗത്തു നിന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ ഇനി ജസ്ന തിരോധാനത്തിൽ അന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്.
മുണ്ടക്കയത്തെ ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നും ഇറങ്ങിയത്. എരുമേലി വരെ ബസിൽ വന്നതിന് തെളിവുകളുണ്ട്.
ചിലകടകളിലും സി.സി.ടി.വി ദൃശ്യങ്ങളിലും ജസ്നയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ജസ്നയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിൻറെ നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യൻ അലയൻസ് ആൻറ് സോഷ്യൽ ആക്ഷനെന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്.