പൂരത്തിനു പിന്നിൽ രാഷ്ട്രീയക്കളി, ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ പിടിപ്പുകേട്; പ്രധാനമന്ത്രി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും വർഗീയത തന്നെയായിരിക്കും ബി.ജെ.പിയുടെ പ്രചാരണായുധമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
ബി.ജെ.പി സംഘടിപ്പിച്ച മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്ത മോദി തൃശൂർ പൂരം, ശബരിമല എന്നിവയിലാണ് ഊന്നിയത്. പൂരത്തിനു പിന്നിൽ രാഷ്ട്രീയക്കളിയുണ്ടെന്നും ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ പിടിപ്പുകേടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൂരം പ്രദർശനത്തെ രാഷ്ട്രീയവൽക്കരിച്ചതും വിവാദമാക്കാൻ ശ്രമിച്ചതും ബി.ജെ.പിയാണ്. ഇത് മറച്ചാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മോദിയുടെ പരാമർശം.
ശബരിമലയിലെ തിരക്കിന്റെ പേരിൽ വടക്കേ ഇന്ത്യയിലുൾപ്പെടെ സംഘപരിവാർ നടത്തിയ വ്യാജപ്രചാരണങ്ങൾ തൃശൂരിൽ ആവർത്തിച്ചു. നേട്ടങ്ങൾക്കെല്ലാം പിന്നിൽ ‘മോദി’യാണെന്ന സ്വയം പുകഴ്ത്തലായിരുന്നു കൂടുതൽ. സ്ത്രീസംവരണ ബിൽ മോദി നിയമമാക്കി.
മുത്തലാഖിൽ നിന്ന് മുസ്ലിം സ്ത്രീകളെ മോചിപ്പിച്ചു. 10 കോടി ഉജ്വല ഗ്യാസ്, 12 കോടി കുടുംബങ്ങൾക്ക് ശുചിമുറി, സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം, പ്രധാനമന്ത്രി വിശ്വകർമ യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം ‘മോദിയുടെ ഗ്യാരണ്ടി’യാണ്.
കേന്ദ്രം കൊടുക്കുന്ന ഫണ്ടുകളുടെ കണക്ക് ചോദിക്കാൻ പാടില്ലെന്നാണ് കേരള സർക്കാർ പറയുന്നത്. കേന്ദ്ര വികസനപദ്ധതികൾ നടപ്പാക്കുന്നില്ലെന്നും കേരളം വികസിക്കണമെങ്കിൽ ബി.ജെ.പി വരണമെന്നും മോദി പറഞ്ഞു. തൃശൂരിൽ മോദിറോഡ്ഷോയും നടത്തി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷനായി.