കൂറുമാറ്റക്കാർ തൊടുപുഴയുടെ വികസനം സ്തംഭിപ്പിച്ചു: യു.ഡി.എഫ്
തൊടുപുഴ: കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ ജനവിധി അട്ടിമറിച്ച് കൂറുമാറ്റക്കാരുടെ പിന്തുണയോടെ അധികാരത്തിലെത്തിയ എൽ.ഡി.എഫ് കൗൺസിൽ തൊടുപുഴയുടെ വികസനം സ്തംഭിപ്പിച്ചതായി യു.ഡി.എഫ് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ ദീപക്, എം.എ കരീം എന്നിവർ ആരോപിച്ചു.
കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ശേഷം ചെയർമാൻ തെരഞ്ഞെടുപ്പിന്റെ ദിവസം സ്ഥാനമാനങ്ങൾ ലഭിക്കാൻ എൽ.ഡി.എഫിലേക്ക് കൂറ് മാറിയ ജെസ്സി ജോണിയുടെ നിലപാടാണ് ചെയർമാനായി സനീഷ് ജോർജിനെ വിജയിപ്പിക്കാനുള്ള അവസരം ഉണ്ടാക്കിയത്.
പകരം ജെസ്സി ജോണിയെ എൽ.ഡി.എഫ് വൈസ് ചെയർമാൻ ആക്കുകയും ചെയ്തു. കഴിഞ്ഞ 3 വർഷമായി തൊടുപുഴയിൽ ഒരു വികസന പദ്ധതി പോലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
മങ്ങാട്ടുകവല ബസ്റ്റാൻഡ് കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഇനിയും തുറന്നു കൊടുക്കുവാൻ കഴിഞ്ഞിട്ടില്ല. ഇത് മൂലം നഗരസഭക്ക് വർഷംതോറും ഒരു കോടി രൂപ വീതം നഷ്ടപ്പെട്ടു.
ഈ പണം ലഭിച്ചിരുന്നെങ്കിൽ നഗരസഭയുടെ കുണ്ടും കുഴിയുമായി കിടക്കുന്ന മുനിസിപ്പൽ റോഡുകൾ നന്നാക്കാൻ കഴിയുമായിരുന്നു. നഗരസഭയിലെ വഴിവിളക്കുകൾ പോലും നന്നാക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല.
നാല് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം ആരംഭിച്ച തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നാളിതുവരെയും പൂർത്തിയാക്കാൻ കഴിയാത്തത് കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.
തൊടുപുഴ നഗരത്തിലെ മാലിന്യ നീക്കം പൂർണമായും നിർത്തലാക്കി. ടൗണിൽ ദിവസേന അടിച്ചുവാരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയാണ്.
വൈസ് ചെയർമാനെന്ന നിലയിൽ ജെസ്സി ജോണി അവതരിപ്പിച്ച രണ്ട് ബഡ്ജറ്റുകളിലെ ഒരു പദ്ധതി പോലും നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല അതിന് ആവശ്യമായ ഫയൽ പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കാനും ക്ഷേമ പ്രവർത്തികൾ ഏറ്റെടുക്കാനുമുള്ള ഒരു പുതിയ പദ്ധതി പോലും ആരംഭിക്കാൻ സാധിച്ചില്ല. സർക്കാരിൽ നിന്ന് പുതിയ പദ്ധതികൾ ഒന്നും നേടിയെടുക്കാൻ നഗരസഭയ്ക്ക് കഴിയാതെ പോയി.
ജനകീയ ആസൂത്രണ പദ്ധതിയിൽ വർഷംതോറും ലഭിക്കുന്ന ഫണ്ട് ചെലവഴിക്കാതെ ലാപ്സ് ആക്കിയതിനാൽ പിറ്റേ വർഷം ലഭിക്കുന്ന തുക ഗണ്യമായി കുറയുകയാണ്.
കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് 22 ലക്ഷം രൂപ വാർഡ് ഫണ്ട് ആയി ലഭിച്ച സ്ഥാനത്ത് ഈ വർഷം ആറ് ലക്ഷം രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കെടുകാര്യസ്ഥതയുടെ അഴിമതിയുടെയും കൂത്തരങ്ങായി തൊടുപുഴ നഗരസഭാ ഭരണം മാറിയതായി അവർ ആരോപിച്ചു.