കലോത്സവ വിധി നിർണ്ണയത്തിൽ അഴിമതി ചൂണ്ടികാണിച്ച് ഓൾ കേരള ഡാൻസ് റ്റീച്ചേഴ്സ് യൂണിയൻ
തൊടുപുഴ: അറക്കുളം, പീരുമേട്, കട്ടപ്പന, മൂന്നാർ, തൊടുപുഴ, അടിമാലി, നെടുങ്കണ്ടം തുടങ്ങ്യ ഏഴ് സബ് ജില്ലകളിലും കട്ടപ്പനയിൽ വച്ച് നടത്തിയ ഉപജില്ലാ കലോത്സവത്തിലും ശരിയായ വിധി നിർണ്ണയം നടന്നിട്ടില്ലെന്ന് എ.കെ.ഡി.റ്റി.യു ആരോപിച്ചു.
ഒരു അധ്യാപകന്റെ കീഴിൽ നൃത്തം പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് ഉയർന്ന ഗ്രേഡും ഒന്നാം സ്ഥാനവും നൽകുന്നത്. മറ്റ് കുട്ടികളെയെല്ലാം അപ്പീൽ കൊടുക്കാൻ പോലും കഴിയാത്ത വിധം നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് താഴ്ത്തിയിരിക്കുകയാണ്.
അതിനാൽ അർഹതയുള്ള കുട്ടികൾക്ക് ജില്ലാ, സംസ്ഥാന കലോത്സവ വേദികൾ നഷ്ടമായി. ജഡ്ജസായി നിയമിച്ചവരിൽ ഭൂരിഭാഗവും ഒന്നോ രണ്ടോ വർഷം മാത്രം നൃത്തം പഠിച്ചവരും വ്യാജ സർട്ടിഫിക്കറ്റുമായി വന്നിരിക്കുന്നവരുമാണ്.
ഇവരുടെ ചിലവെല്ലാം വഹിക്കുന്നത് ആരോപമ വിധേയനായ അധ്യാകനാണെന്നും സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കൂടാതെ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്.
ഇതു മൂലം പരാതിയുമായി ചെല്ലുന്ന അധ്യാപകർക്കെതിരെ പൊലീസ് കേസ് കൊടുക്കുകയും മാനസ്സികമായി പീഢിപ്പിക്കുകയമാണെന്നും ആരോപിച്ചു.
അധികാരികൾ വിധി നിർണ്ണയം ഏതെങ്കിലും ഒരു ഏജന്റിനെയോ മാഫിയയേയോ ഏൽപ്പിക്കുന്നതാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് സംഘടന ആരോപിച്ചു.
വിഷയത്തിൽ ഇനിയെങ്കിലും സമഗ്രമായ അന്വേഷണം വേമമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്.
തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എ.കെ.ഡി.റ്റി.യു പ്രസിഡന്റ് മത്തായി ജോസഫ്, സെക്രട്ടറി കെ.എസ് സുരേഷ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.