സജി ചെറിയാന്റെ പരാമർശം പാര്‍ട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശം പർവതീകരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സജി ചെറിയാന്റെ പരാമർശവുമായി ബന്ധപ്പെട്ട പരാതികൾ പാർട്ടി പരിശോധിക്കും.
സജി ചെറിയാന്റെ പരാമർശം മൂലം ബിഷപ്പുമാർ ഉൾപ്പെടെ ആർക്കെങ്കിലും വല്ല രീതിയിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മതത്തിന്റെ വിശ്വാസങ്ങൾക്കും സി.പി.എം എതിരല്ല. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ബിഷപ്പുമാരാണ്. എന്നാൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിന്റെ ഭൗതിക സാഹചര്യം പരിശോധിക്കണമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിയുടെ നിലപാടുകൾ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിക്കും. പ്രസംഗത്തിൽ ഓരോരുത്തർക്കും ഓരോരോ പ്രയോഗങ്ങളുണ്ട്. അത് പർവതീകരിച്ച് ചർച്ചയാക്കേണ്ട ആവശ്യമില്ല.
നാക്കുപിഴയെന്ന് പറയാനാവില്ല, വിശേഷണമാണ്. മറുപടി പറയേണ്ടതുണ്ടെങ്കിൽ ഇടതു മുന്നണി തന്നെ പറയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ട ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായിയെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം പാർട്ടിക്കുമുണ്ടോയെന്ന മാധ്യയമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിൽ പള്ളികള്‍ തകർത്തുകൊണ്ടിരിക്കുന്നു. ക്രിസ്തീയ വിശ്വാസികൾക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നു. കൂട്ട ബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി കൊണ്ടു പോവുന്നു.
എന്തു കൊണ്ടാണ് എന്നിട്ടും പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോവാത്തതെന്നും അദ്ദേഹം ചോദിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്ന് ഗോവിന്ദന് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിന് അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള വര്‍ഗീയതയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ ഇവിടെ ആകില്ല. അതാണ് കേരളത്തിന്റെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.