കെ.ആർ.എല്ലിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും
കോട്ടയം: റബർ മേഖലയിൽ പുതുപ്രതീക്ഷയാകുന്ന വെള്ളൂരിലെ കേരള റബർ ലിമിറ്റഡിന്റെ(കെ.ആർ.എൽ) ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, റബർ ട്രെയ്നിങ് സെന്റർ, റബർ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ, റബർ പ്രോഡക്ട്സ് എക്സിബിഷൻ സെന്റർ എന്നിവയടങ്ങുന്ന ഘട്ടമാണ് നിർമാണം പുരോഗമിക്കുന്നത്.
വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് നൽകിയ 164 ഏക്കറിലാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് കെആർഎൽ നിർമിക്കുന്നത്. ചതുപ്പ് പ്രദേശത്ത് മണ്ണ് ഫില്ലിങ്, റോഡ് നിർമാണം എന്നിവ നടന്നുവരുന്നു.
110 കെവി സബ്സ്റ്റേഷനടക്കമുള്ളവ സ്ഥാപിക്കാൻ 192 കോടി രൂപയുടെ ടെൻഡർ ആദ്യഘട്ടത്തിനായി നൽകി. ആകെ ആയിരം കോടി രൂപയുടേതാണ് സിയാൽ മാതൃകയിലുള്ള കെആർഎൽ പദ്ധതി.
റബറധിഷ്ഠിതമായ പുതിയ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാൻ 130 ഏക്കർ സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും കെ.ആർ.എൽ നൽകും. രണ്ടാംഘട്ടത്തിലാണ് ടയർ പൗഡറിങ് യൂണിറ്റ് സ്ഥാപിക്കുക.
പരിസ്ഥിതിക്ക് കോട്ടമില്ലാതെ പഴയ ടയർ ലേസർ സാങ്കേതികവിദ്യയുപയോഗിച്ച് പൊടിച്ച് ബ്ലോക്ക് റബറാക്കുന്ന യൂണിറ്റാണിത്. കേരളത്തിൽ ഇത് ആദ്യമാണ്. ഈ ബ്ലോക്ക് റബറുപയോഗിച്ച് മറ്റ് ഉൽപ്പന്നങ്ങൾ നിർമിക്കാം. ഇന്ത്യയിൽ ഒരുവർഷം 20 ലക്ഷം ടൺ ടയർ കാലപ്പഴക്കം മൂലം നശിപ്പിച്ച് കളയേണ്ടിവരാറുണ്ട്.
സ്വാഭാവിക റബർ വ്യവസായം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ സ്ഥാപിച്ച് റബറുപയോഗം വർധിപ്പിക്കുകയും അതുവഴി റബറിന്റെ വിലകൂട്ടുകയുമാണ് കെ.ആർ.എൽ ലക്ഷ്യമിടുന്നതെന്ന് ജനറൽ മാനേജർ കെ.ജെ ജോസ് പറഞ്ഞു. അയ്യായിരം പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ബൃഹത്തായ സംരംഭമാണ് വെള്ളൂരിൽ ഒരുങ്ങുന്നത്.