മോഡല്‍ ത്രീ വാണിജ്യ ഉല്‍പ്പാദനം സെപ്റ്റംബറില്‍
വ്യാപക വില്‍പ്പന ലക്ഷ്യമിട്ടു ടെസ്ല ഇന്‍കോര്‍പറേറ്റഡ് അവതരിപ്പിക്കുന്ന വൈദ്യുത സെഡാനായ മോഡല്‍ ത്രീയുടെ ഉല്‍പ്പാദനം സെപ്റ്റംബറില്‍ തുടങ്ങും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കെത്തിക്കാന്‍ പദ്ധതിയുള്ള കാറിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. മോഡല്‍ ത്രീയുടെ വരവിനു വഴിയൊരുക്കാന്‍ കലിഫോണിയയിലെ ടെസ്ല നിര്‍മാണശാലയിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുമെന്നും സൂചനയുണ്ടായിരുന്നു.
പുത്തന്‍ സെഡാനായ മോഡല്‍ ത്രീയുടെ പൂര്‍ണതോതിലുള്ള ഉല്‍പ്പാദനം ജൂലൈയില്‍ ആരംഭിക്കുമെന്നു ടെസ്ല ഇന്‍കോര്‍പറേറ്റഡ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എലോണ്‍ മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു യാഥാര്‍ഥ്യമാവാനുള്ള സാധ്യത തീര്‍ത്തും കുറവാണെന്നായിരുന്നു വാഹനഘടക ദാതാക്കളുടെയും വിപണി വിദഗ്ധരുടെയും നിലപാട്.
ഈ സെപ്റ്റംബറോടെ തന്നെ മോഡല്‍ ത്രീയുടെ വാണിജ്യ ഉല്‍പ്പാദനം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ടെസ്ല പ്രഖ്യാപിച്ചിരുന്നു. ജൂലൈയോടെ പൊതുജനങ്ങള്‍ക്ക് മോഡല്‍ ത്രീയുടെ അന്തിമ രൂപം കാണാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മോഡല്‍ ത്രീ ഉല്‍പ്പാദനത്തിലേക്കു നീങ്ങുമ്പോള്‍ വന്‍ പണച്ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മസ്ക്.
മോഡല്‍ ത്രീക്കായി അധിക മൂലധനം കണ്ടെത്തേണ്ട ആവശ്യമില്ലെങ്കിലും കമ്പനിയുടെ വരുമാനസ്രോതസുകള്‍ ഏറെക്കുറെ പൂര്‍ണമായി ഈ പദ്ധതിക്കായി വിനിയോഗിക്കേണ്ടി വരുമെന്നും മസ്ക്. അതുകൊണ്ടുതന്നെ അപകടസാധ്യത കുറയ്ക്കാനായി കൂടുതല്‍ മൂലധനസമാഹരണത്തിനു കമ്പനി മുതിര്‍ന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇക്കൊല്ലം അവസാന പാദത്തോടെ മോഡല്‍ ത്രീയുടെ പ്രതിവാര ഉല്‍പ്പാദനം 5,000 യൂണിറ്റിലെത്തിക്കാനാവുമെന്നാണു ടെസ്ലയുടെ പ്രതീക്ഷ. അടുത്ത വര്‍ഷത്തോടെ പ്രതിവാര ഉല്‍പ്പാദനം 10,000 യൂണിറ്റായും ഉയര്‍ത്തും. അടുത്ത വര്‍ഷം അഞ്ചു ലക്ഷം മോഡല്‍ ത്രീ കാറുകള്‍ ഉടമകള്‍ക്കു കൈമാറുമെന്നാണു മസ്കിന്റെ വാഗ്ദാനം;
2020 ആകുമ്പോഴേക്ക് വാര്‍ഷിക ഉല്‍പ്പാദനം 10 ലക്ഷത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ടെസ്ലയും മസ്കും നടത്തുന്ന ഈ പ്രഖ്യാപനങ്ങള്‍ വിപണി വിദഗ്ധര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല; അടുത്ത വര്‍ഷത്തോടെയാവും മോഡല്‍ ത്രീയുടെ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുകയെന്നാണു ടെസ്ലയ്ക്കു വാഹന ഘടകങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികളുടെ നിഗമനം.