ഇസ്രയേൽ
അവയവം ചൂഴ്ന്നെടുക്കുന്നെന്ന് ആരോപണം ഉന്നയിച്ച് ഗാസ
ഗാസ സിറ്റി: ഗാസയിൽ വംശഹത്യക്ക് ഇരയാകുന്ന പലസ്തീൻകാരുടെ അവയവങ്ങൾ ഇസ്രയേൽ മോഷ്ടിക്കുന്നുവെന്ന് ആരോപണം. ഇസ്രയേൽ സൈന്യം കൈമാറിയ പലസ്തീൻകാരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയശേഷമാണ് ഗാസ അധികൃതർ ഗുരുതര ആരോപണം ഉന്നയിച്ചത്.
അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. അവയവങ്ങൾ ചൂഴ്ന്നെടുത്തെന്ന് വെളിപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങൾ മൃതദേഹങ്ങളിൽ ദൃശ്യമായിരുന്നെന്ന് ഗാസ കേന്ദ്രമായ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
കെരെം ഷാലോം അതിർത്തിവഴി നിരവധി പലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇസ്രയേൽ ഗാസ അധികൃതർക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
പല മൃതദേഹങ്ങളും ജീർണിച്ച അവസ്ഥയിലും പല കഷണങ്ങളായ നിലയിലുമാണെന്ന് റാഫയിലെ മുഹമ്മദ് യൂസഫ് എൽ നജർ ആശുപത്രി ഡയറക്ടർ മർവാൻ അൽ ഹംസ് പറഞ്ഞു. എവിടെവച്ചു കൊല്ലപ്പെട്ടവരുടെ മൃതദേഹമാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.
ഗാസയിലെ ആശുപത്രികളിൽനിന്ന് അവയവങ്ങൾ ശേഖരിക്കുന്നതിനായി ഇസ്രയേൽ മൃതദേഹങ്ങൾ മോഷ്ടിച്ചതായി മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡ് മോണിറ്റർ നേരത്തെ ആരോപിച്ചിരുന്നു.
തിരികെ ലഭിച്ച മൃതദേഹങ്ങളിൽ കോർണിയ ഉൾപ്പെടെയുള്ള അവയവങ്ങളുടെ അഭാവം സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയതായും റിപ്പോർട്ട് അവകാശപ്പെട്ടു.
അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 കവിഞ്ഞു. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, മഗാസി മേഖലകളിൽ വ്യാഴാഴ്ച 50 പേർ കൊല്ലപ്പെട്ടു.