അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനത്തിന് കോൺഗ്രസ് പങ്കെടുക്കരുതെന്ന് വി.എം സുധീരൻ
കൊല്ലം: ബാബറി മസ്ദജിദ് തകർത്താണ് രാമക്ഷേത്രം നിർമിച്ചതെന്നും അതിന്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പാർട്ടി പങ്കെടുക്കരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കോൺഗ്രസ് നേതാക്കളിൽ ആരെ ക്ഷണിച്ചാലും പങ്കെടുക്കരുത്.
ബി.ജെ.പിക്ക് കൃത്യമായ അജണ്ടയുണ്ട്. ബി.ജെ.പി ഉയർത്തിപ്പിടിക്കുന്ന തീവ്ര ഹിന്ദുത്വ പ്രചരണങ്ങൾക്കെതിരെ ജവഹർലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയൊക്കെ ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങൾക്കൊണ്ട് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് വിവാദമായ പശ്ചാത്തലത്തിലാണ് സുധീരന്റെ പ്രതികരണം. ബിജെപി തീവ്ര ഹുന്ദുത്വ വർഗീയ നിലപാടുകൾ ആളിക്കത്തിക്കാനുള്ള ഉപാധിയായാണ് രാമക്ഷേത്ര നിർമാണത്തെയും ഉദ്ഘാടനത്തെയും കാണുന്നത്.
ഇതിനെതിരെ കോൺഗ്രസ് മാത്രമല്ല ജനാധിപത്യ മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ കക്ഷികളും ഒരു കാരണവശാലും പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ.മുരളീധരന്റെ അഭിപ്രായവും. ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറല് സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിംഗ്, അധീർ രഞ്ജൻ ചൗധരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷത്തെ വിവിധ നേതാക്കളെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിലേക്ക് രാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികൾ നേരിട്ടു ക്ഷണിക്കുകയായിരുന്നു. എന്നാൽ ട്രസ്റ്റിന്റെ ക്ഷണം യെച്ചൂരി മാത്രമാണ് തള്ളിയത്.