രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്നു കോൺഗ്രസ്സിന് പറയാൻ കഴിയാത്തത് രാജ്യം നേരിടുന്ന ദൗർഭാഗ്യം: അശോകൻ ചരുവിൽ
കൊച്ചി: അയോധ്യയിൽ മസ്ജിദ് പൊളിച്ചു നിർമ്മിക്കുന്ന രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നു പറയാൻ കോൺഗ്രസ്സിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് രാജ്യം നേരിടുന്ന വലിയ ദൗർഭാഗ്യമാണെന്നും അതിൽ പങ്കെടുത്ത് കോൺഗ്രസ് പാർട്ടി ആത്മഹത്യ ചെയ്യരുതെന്നും പുരോഗമന കലാസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ.
രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമെന്നാണ് മുതിർന്ന നേതാക്കളായ ദിഗ് വിജയ് സിങ്ങും കമൽനാഥും വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തേ ക്ഷേത്രനിർമ്മാണത്തിനു വേണ്ടി വെള്ളികൊണ്ടുള്ള പതിനൊന്ന് ഇഷ്ടികകൾ കമൽനാഥ് സമർപ്പിച്ചു. പള്ളി തകർത്ത സ്ഥലത്ത് ക്ഷേത്രത്തിന് തറക്കല്ലിട്ട സമയത്ത് തൻ്റെ ഉൾപ്പുളകം പ്രിയങ്കാഗാന്ധി മറയേതുമില്ലാതെ പ്രകടിപ്പിച്ചു.
ജനാധിപത്യവിശ്വാസികളുടെ വലിയ പ്രതീക്ഷയായ ഇന്ത്യാമുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയാണ് കോൺഗ്രസ്. പക്ഷേ കോൺഗ്രസ്സിനെ ഇന്നും ഇന്ത്യയിലെ ജനങ്ങൾ അവിശ്വസിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു.
അടിയന്തിരാവസ്ഥാ ഭീകരതയും സിക്ക് കൂട്ടക്കൊലയും നമുക്ക് മറക്കാം. പക്ഷേ ബി.ജെ.പിക്ക് വഴിമരുന്നിട്ട ആപത്കരമായ ഹിന്ദുത്വനയങ്ങൾ ആ പാർടി പിന്തുടരുന്നത് എങ്ങനെ മറക്കും? ഇന്ത്യയിലെ ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രി വാജ്പേയി അല്ല; നരസിംഹ റാവുവാണെന്നത് ഒരു പൊളിറ്റിക്കൽേ ട്രോൾ മാത്രമല്ല.
ബി.ജെ.പി പിന്തുടരുന്ന മാരകമായ സാമ്പത്തികനയങ്ങൾ രാജ്യത്ത് ആദ്യം പരീക്ഷിച്ചത് റാവുവും അദ്ദേഹത്തിൻ്റെ ധനമന്ത്രി മൻമോഹൻ സിങ്ങുമാണ്. ബാബറി മസ്ജിദ് പൊളിച്ചതാകട്ടെ അവരുടെ സംരക്ഷയിലും.
നെഹ്രുവിരുദ്ധ റാവുബാധയിൽ നിന്ന് കോൺഗ്രസ്സ് ഒരിഞ്ചും മാറിയിട്ടില്ല. ജനങ്ങൾ നൽകിയ കനത്ത തിരിച്ചടിയിൽ നിന്ന് ഒരു പാഠവും പഠിക്കാൻ ആ പാർടി തയ്യാറായിട്ടില്ല.
രാജ്യത്തെ പുതിയ രാഷ്ട്രീയസാഹചര്യം മനസ്സിലാക്കാനോ അതിനനുസരിച്ചുള്ള വീക്ഷണം സ്വീകരിക്കാനോ കോൺഗ്രസ്സ് ശ്രമിച്ചിട്ടില്ല. ന്യായ യാത്ര നടത്താൻ ആ പാർടി തീരുമാനിച്ചിട്ടുണ്ട്.
നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ ജനങ്ങൾക്കറിയേണ്ടത് ബിജെപിക്കു ബദലായെന്ന് നയവും പരിപാടിയുമാണ് കോൺഗ്രസ്സിനുള്ളത് എന്നാണ്.
പള്ളിപൊളിച്ചുണ്ടാക്കിയ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷമാകുമോ ന്യായ് യാത്ര തുടങ്ങുന്നത്? മനസ്സിൽ ആർ.എസ്.എസിനെ പേറുന്ന കോൺഗ്രസ് ഇന്ത്യാമുന്നണിക്ക് ബാധ്യതയാവുകയാണെന്നും എഫ്.ബി പോസ്റ്റിൽ അശോകൻ ചരുവിൽ പറഞ്ഞു.