ശബരിമലയിൽ കേന്ദ്ര ഇടപെടൽ അനിവാര്യം; പി.സി ജോർജ്
കോട്ടയം: ശബരിമലയിൽ കേന്ദ്ര ഇടപെടൽ അനിവാര്യമെന്ന് പൂഞാർ മുൻ എംഎൽഎയും കേരള ജനപക്ഷം സെകുലർ പാർട്ടി നേതാവുമായ പി.സി ജോർജ്.
കഠിന വ്രതമെടുത്ത് പ്രതീക്ഷയോടെ അയ്യപ്പ ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരെ ക്രൂരമായി അവഗണിക്കുന്ന നടപടികളാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്ന ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അവശ്യ സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നുവെന്നും ജോർജ് ആരോപിച്ചു.
ഭക്തരുടെ മേൽ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന സർക്കാർ, തങ്ങളുടെ കടമകൾ നിർവഹിക്കുന്നില്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഭക്തർ വഴിയിൽ ദിവസങ്ങളോളം കുടിങ്ങിക്കിടന്ന് നരകയാതന അനുഭവിക്കുകയാണ്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പിണറായിക്കെതിരെ പ്രതികരിച്ച അയ്യപ്പ ഭക്തരോടുള്ള പ്രതികാരം തീർക്കുന്നതാണോയെന്ന് സംശയിക്കണം എന്നും ജോർജ് അരോപിച്ചു.
ശബരിമലയോട് ബന്ധമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങൾ നിഷ്ക്രിയമായിരിക്കുന്നു. ശബരിമലയെ വരുമാന മാർഗം മാത്രമായി കണക്കാക്കുന്ന ദേവസ്വം ബോർഡിൽ വൻ അഴിമതിയാണ് നടക്കുന്നത്.
എല്ലാ കരാർ നടപടികളിലും ക്രമക്കേടുള്ള ശബരിമലയിലെ താൽക്കാലിക ജീവനക്കാരായി സി.പി.എം അനുകൂലികളായ നാസ്തികരെ നിയമിക്കുന്നതുമൂലം യഥാർഥ ഭക്തർക്ക് അവഗണന നേരിടുകയാണെന്നും ജോർജ് പറഞ്ഞു.
വർഷം തോറും വർധിച്ചു വരുന്ന ശബരിമല ഭക്തരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ ശബരിമല കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് ആക്കിയേ മതിയാവൂ.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്കുള്ള സേവനം ചെയ്യാൻ ദേശീയ കാഴ്ചപ്പാടുള്ള സംവിധാനമാണ് വേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എല്ലാ ഈശ്വര വിശ്വാസികളുടെയും ഹൈന്ദവ സംഘടനകളുടെയും പിന്തുണയോടെ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.