ഐഎസ് ഡ്രോണുകളെ ചെറുക്കാന്‍ പരുന്തുകള്‍; പുതിയ സുരക്ഷാ സംവിധാനവുമായി ഫ്രാന്‍സ് -
പാരിസ് : ഐ എസ് ആക്രമണങ്ങളെ ചെറുക്കാന്‍ പരുന്തുകളെ പരിശീലിപ്പിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ഫ്രാന്‍സ്.
വേട്ട പക്ഷികളായ നാലു കൃഷ്ണ പരുന്തുകളെയാണ് തീവ്രവാദികളുടെ ഡ്രോണുകള്‍ റാഞ്ചാന്‍ ഫ്രഞ്ച് വ്യോമ സേന പരിശീലിപ്പിച്ചിരിക്കുന്നത്. ഈ് പരുന്തുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജരായി കഴിഞ്ഞു.
കൃഷ്ണ പരുന്തുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരിക്കുന്നത് മോണ്ട് ഡെ മാര്സന് മിലിട്ടറി ബേസാണ്. ആയിരക്കണക്കിന് മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നു തന്നെ ആകാശത്ത് പറക്കുന്ന ഡ്രോണുകളെ നിരീക്ഷിച്ച് അവയെ നശിപ്പിക്കാന്‍ ഈ പരുന്തുകള്‍ക്ക് കഴിയും.
ഡ്രോണുകള്‍ക്ക് മുകളില്‍ വെച്ചാണ് പരുന്തിന്റെ മുട്ടകള്‍ വിരിയിപ്പിക്കുന്നത്. കുഞ്ഞുങ്ങള്‍ വലുതാകുന്നതു വരെ ഡ്രോണുകളെ അവയ്ക്ക സമീപം വെക്കുന്നുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശേഷം ഡ്രോണുകളെ പിടിച്ച് കൊടുക്കുന്നവയ്ക്ക് മാസംകഷ്ണങ്ങള് ഉപഹാരമായി നല്‍കുന്നതാണ് പരിശീലന രീതി.
അത്തോസ് പോര്‍ത്തോസ്, അരാമിസ്, ഡാര്‍ട്ടാഗ്നന്‍ എന്നാണ് പരിശീലനം ലഭിച്ച പരുന്തുകള്‍ക്ക് വ്യോമ സേന നല്‍കിയിരിക്കുന്ന പേര്. അലക്സാണ്ടര്‍ ഡ്യൂമാസിന്റെ വിഖ്യാത നോവലായ ത്രീ മസ്ക്കറ്റേഴ്റിസിലെ കഥാപാത്രങ്ങളുടെ പേരാണ് പരുന്തുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ തിങ്ങി നിറഞ്ഞ സ്ഥലങ്ങളില്‍ ഡ്രോണുകളെ വെടിവെച്ച് വീഴ്ത്തുന്നതിനേക്കാള്‍ പരുന്തിനെ ഉപയോഗിച്ച് പിടിക്കുന്നതാണ് സുരക്ഷിതത്വം ഉറപ്പാക്കുന്നതെന്നു വ്യോമസേന ഉദ്യോഗസ്ഥര്‍ പറയുന്നു.
2015ല്‍ പ്രസിഡന്റിന്റെ വസതിക്ക് മുകളിലൂടെയും സൈന്യത്തിന്റെ നിയന്ത്രണ മേഖലയിലൂടെയും ഡ്രോണുകള്‍ പറന്നിരുന്നത് ഗൗരവതരമായ സുരക്ഷാ പ്രശ്നമായാണ് ഫ്രാന്‍സ് സൈനിക വൃത്തങ്ങള്‍ കണക്കാക്കിയിരുന്നത്. ഡ്രോണുകള്‍ ചുറ്റിക്കറങ്ങിയത് ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഈഫല്‍ ടവറിന് ഐ എസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരുന്തുകളെ ഉപയോഗിച്ച് സുരക്ഷാ കവചം ഒരുക്കാമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ്.