നാല് വിമാനത്താവളങ്ങളിൽ നിന്നും രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് തടഞ്ഞത് 25 കള്ളക്കടത്ത്
കൊച്ചി: കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിസംബർ മാസം ആദ്യ രണ്ടാഴ്ചയ്ക്കിടെ 25ഓളം വലിയ കള്ളക്കടത്തു ശ്രമങ്ങൾ തടഞ്ഞു.
നിയമ വിരുദ്ധമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 11 കോടിയോളം രൂപ വിലമതിക്കുന്ന 17 കിലോഗ്രാം സ്വർണവും 19 ഐ-ഫോണുകളും പിടികൂടി.
കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ അസംസ്കൃത സ്വർണം ഡ്രൈ ഫ്രൂട്ട്സ്, ഫെയ്സ് ക്രീം, പാദരക്ഷകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഒളിപ്പിക്കുന്ന രീതി മുതൽ വാക്വം ക്ലീനറിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കുന്ന സങ്കീർണമായ തന്ത്രങ്ങൾ വരെ കള്ളക്കടത്തുകാർ പരീക്ഷിച്ചു.
മലാശയത്തിനുള്ളിൽ സ്വർണ ഗുളികകൾ ഒളിപ്പിക്കുന്നതാണ് കള്ളക്കടത്തിൽ പൊതുവായി കണ്ടുവരുന്ന രീതി. രണ്ട് കേസുകളിൽ സ്വർണ ലായനിയിൽ വിദഗ്ധമായി മുക്കിവച്ച വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും കസ്റ്റംസ് പിടികൂടി. വിമാനത്തിൽ ഒരു പ്രത്യേക സ്ഥലത്ത് ഒളിപ്പിച്ച്, പിന്നീട് അത് നീക്കം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ കടത്താൻ വച്ചിരുന്ന സ്വർണം മറ്റൊരു കേസിൽ കണ്ടെത്തി.
കള്ളക്കടത്തുമായി ബന്ധപ്പെട്ട 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്യുകയും ഈ കേസുകളിൽ കുറ്റകൃത്യങ്ങൾ നടത്താൻ സഹായിച്ചവർ ഉൾപ്പെടെയുള്ളവർക്കെതിരേ കൂടുതൽ അന്വേഷണം നടക്കുകയുമാണ്.
കള്ളക്കടത്തുകാർ പലപ്പോഴും പണം ആവശ്യമുളള സാധാരണ വ്യക്തികളെ അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹകരായി നിയമിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങൾക്ക് കസ്റ്റംസ് നിയമപ്രകാരം കനത്ത പിഴ ചുമത്താറുണ്ട്. അതിനാൽ ഇത്തരം പദ്ധതികളിൽ വീഴാതിരിക്കാൻ എല്ലാ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു.
സംശയാസ്പദമായ പ്രവർത്തനങ്ങൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും യാത്രക്കാരുൾപ്പെടെയുള്ള എല്ലാവരെയും കസ്റ്റംസ് വകുപ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വിമാനത്താവളങ്ങളിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റുകളുമായോ അടുത്തുള്ള കസ്റ്റംസ് കമ്മിഷണറേറ്റിലെ പ്രിവൻറീവ് യൂണിറ്റുകളുമായോ വിവരങ്ങൾ പങ്കിടാം.
കള്ളക്കടത്ത് സംബന്ധിച്ച നിർദിഷ്ട വിവരങ്ങൾ നൽകുന്നവർക്ക് ആകർഷകമായ പാരിതോഷികങ്ങൾ വകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.