വിവാദങ്ങൾക്കൊടുവിൽ നവകേരള യാത്ര ഇന്ന് സമാപിക്കും
തിരുവനന്തപുരം: പിന്നിട്ട വഴികളിൽ കരിങ്കൊടി പ്രതിഷേധങ്ങളും സംഘർഷങ്ങളും അക്രമങ്ങളും പൊലീസ് നടപടികളും വിവാദങ്ങളും കോടതി ഇടപെടലുകളും തീർത്ത നവകേരള സദസിന് ഇന്ന് സമാപനം.
തിരുവനന്തപുരം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലെ നവകേരള സദസുകളാണ് ഇന്നു നടക്കുക. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ ആകസ്മിക നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസുകൾ ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കും.
വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായി എൽ.ഡി.എഫ് സർക്കാർ ജനങ്ങളുമായി സംവദിക്കുന്നതിനായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമെത്താൻ തീരുമാനിച്ചതോടെ, ഭരണനിർവഹണത്തിലും വേറിട്ട മാതൃക സൃഷ്ടിക്കുകയായിരുന്നു.
ജനങ്ങളുടെ പരാതികൾ അറിയിക്കാൻ ഓരോ കേന്ദ്രത്തിലും ഒരുക്കിയ സംവിധാനങ്ങളിലൂടെ വിവിധ വിഷയങ്ങളിലെ ആയിരക്കണക്കിന് പരാതികളാണ് ലഭിച്ചത്.
ഇവയ്ക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് സംവിദാനത്തിലൂടെ പരിഹാരം കാണുമെന്നാണു വാഗ്ദാനം. ഓരോ ദിവസവും നടന്ന പ്രഭാത യോഗങ്ങളിലൂടെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവരുടെ നിർദേശങ്ങളും ആശങ്കകളും സർക്കാരിൻറെ ശ്രദ്ധയിലെത്തി.
കഴിഞ്ഞ മാസം 18ന് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച നവകേരള യാത്രയ്ക്ക് ഇന്ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസോടെയാണ് സമാപനമാകുന്നത്.
ഇടപ്പഴിഞ്ഞി ആർഡിആർ കൺവെൻഷൻ സെൻററിലെ പ്രഭാതയോഗത്തോടെ ഇന്നത്തെ സദസ് ആരംഭിക്കും. തുടർന്ന് കോവളം, നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സദസുകൾ വിവിധ കേന്ദ്രങ്ങളിലായി നടക്കും. 20ന് വർക്കല മണ്ഡലത്തിൽ നിന്നാണ് തലസ്ഥാന ജില്ലയിലെ നവകേരള സദസ് ആരംഭിച്ചത്.
തുടർന്നുള്ള രണ്ട് ദിവസങ്ങളിലായി ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തി. തിങ്ങിനിറഞ്ഞ വേദികളൊരുക്കിയാണ് തലസ്ഥാന ജില്ല നവകേരള സദസിനെ വരവേറ്റത്.