ഐ.റ്റി മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കും; മുഖ്യമന്ത്രി
കാട്ടാക്കട: സംസ്ഥാനത്ത് ഐ.റ്റി അനുബന്ധ മേഖലയിൽ പുതിയ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തുനിന്നുള്ള ഐ.റ്റി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽ നിന്നാകണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഇലക്ട്രോണിക് ഹാർഡ്വെയർ ടെക്നോളജി ഹബ്, എമർജിങ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഐടി മേഖലയിൽ 2011-16 കാലയളവിൽ 26,000 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടപ്പോൾ 2016–-23 കാലയളവിൽ അത് 62,000 ആണ്.
2016ൽ 78,068 പേരാണ് സർക്കാർ ഐ.റ്റി പാർക്കിൽ തൊഴിലെടുത്തിരുന്നത്. ഇന്നത് 1,35,288 ആയി ഉയർന്നു. ഐടി കയറ്റുമതി 2011–-16ൽ 34,123 കോടി രൂപയുടേതായിരുന്നു.
കഴിഞ്ഞ ഏഴു വർഷം കൊണ്ട് അത് 85,540 കോടിയായി. 5,75,000 ചതുരശ്രയടിയായിരുന്ന ഐ.റ്റി സ്പെയ്സ് 73,44,527 ആയി വർധിച്ചു.
കൊച്ചി ഇൻഫോപാർക്കിൽ ഐ.ബി.എം സോഫ്റ്റ്വെയർ ലാബിൽ ഒരുവർഷംകൊണ്ട് 1000 പേർക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കിൻഫ്ര ധാരണപത്രം ഒപ്പിട്ടു.
എട്ടു മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്രയടി കെട്ടിടം കൈമാറി. ഇവിടെ 3500 എൻജിനിയർമാർ ജോലി ചെയ്യുന്നു. പുതുതായി രണ്ടു ലക്ഷം ചതുരശ്രയടി കൂടി അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഒന്നര ലക്ഷം ചതുരശ്രയടിയിൽ ഐ.റ്റി സ്പെയ്സ് നിർമാണം പുരോഗമിക്കുന്നു. ഇവിടെ ആയിരത്തിലധികം തൊഴിൽ ലഭ്യമാകും.
ഇൻഫോപാർക്ക് കൊച്ചി മെട്രോ റെയിൽ കോമ്പൗണ്ടിൽ അഞ്ഞൂറിലധികം പേർക്ക് തൊഴിൽ നൽകാവുന്ന സ്പെയ്സ് നിർമിക്കുകയാണ്.
ഇൻഫോപാർക്ക് സ്വന്തമായി പുതിയ കെട്ടിടം നിർമിക്കുകയാണ്. ഇവിടെ 1500ൽ അധികം ആളുകൾക്ക് തൊഴിൽ ലഭിക്കും. അമേരിക്കൻ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ എൻഒവി, ജർമൻ ഐ.റ്റി കമ്പനി അഡെസൊ എന്നിവർ ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു.
കെ-സ്പെയ്സിന് സർക്കാർ അനുമതി നൽകി. 241 കോടിയുടെ പദ്ധതിയുടെ ഡിപിആർ പൂർത്തിയാകുന്നു. മൂന്നുവർഷത്തിനുള്ളിൽ കെ-സ്പെയ്സ് പ്രവർത്തനം ആരംഭിക്കും. മൂന്നു വർഷത്തിനുള്ളിൽ 15,000ത്തിലധികം സ്റ്റാർട്ടപ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഐ.റ്റി കയറ്റുമതി മൂന്നു വർഷം കൊണ്ട് മൂന്നിരട്ടിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.