നിർമ്മാണത്തിലിരുന്ന കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; അന്വേഷണം പാകിസ്ഥാനിലേക്കും
കൊച്ചി: കപ്പൽശാലയിലെ വിവരങ്ങൾ സമൂഹ മാധ്യമംവഴി കൈമാറിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
ഐ.ബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പുരോഗമിക്കുന്നു. ചിത്രങ്ങളും വിവരങ്ങളും ശ്രീനിഷ് കൈമാറിയ എയ്ഞ്ചൽ പായലെന്ന സമൂഹമാധ്യമ അക്കൗണ്ട്, ഇയാളെ ഇവർ വിളിച്ച ഫോൺനമ്പർ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഫോൺനമ്പറിന് പാകിസ്ഥാൻ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ശ്രീനിഷും ഏയ്ഞ്ചലും തമ്മിൽ സമൂഹമാധ്യമംവഴിയുള്ള ആശയവിനിമയത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
ശ്രീനിഷിന്റെ ഫോണിൽനിന്ന് ഐ.എൻ.എസ് വിക്രാന്തിന്റേത് ഉൾപ്പെടെ ചിത്രങ്ങൾ ലഭിച്ചു. ചില സന്ദേശങ്ങൾ നീക്കംചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാൻ സൈബർ പൊലീസിന്റെ സഹായം തേടി.
കപ്പൽശാലയിൽ കരാറിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ശ്രീനിഷ്. കഴിഞ്ഞ മാർച്ചുമുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലാണ് ചിത്രങ്ങൾ പകർത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്തത്.
നാവികസേനയുടെ നിർമാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധകപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാനവിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശനം തുടങ്ങിയവ കൈമാറിയിട്ടുണ്ട്.
ശത്രു രാജ്യത്തിന് ഉപയോഗ പ്രദമാകുന്ന രീതിയിൽ എയ്ഞ്ചൽ പായലെന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് കപ്പൽശാലയിലെ സെക്യൂരിറ്റി ഓഫീസർ നൽകിയ പരാതിയിലുള്ളത്.