നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രമുൾപ്പെടെ രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവ് അസ്റ്റിൽ
കൊച്ചി: കപ്പൽ ശാലയിൽ നാവിക സേനയ്ക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ചിത്രം ഫോണിൽ പകർത്തി സമൂഹ മാധ്യമം വഴി കൈമാറിയ യുവാവ് അറസ്റ്റിൽ.
കപ്പൽ ശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ്(30) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുത്തതിനു പുറമെ പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇയാൾ പകർത്തി.
തുടർന്ന് ശത്രു രാജ്യത്തിന് ഉപയോഗ പ്രദമാകുന്ന രീതിയിൽ എയ്ഞ്ചൽ പായലെന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്ക് കൈമാറി. മാർച്ച് മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലായിരുന്നിത്.
ഇന്റലിജൻസ് ബ്യൂറോ, കപ്പൽശാലയിലെ ആഭ്യന്തര സുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് പൊലീസിനും റിപ്പോർട്ട് കൈമാറി.
രാജ്യ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന തരത്തിൽ ഔദ്യോഗിക രഹസ്യ വിവരങ്ങൾ കൈമാറിയെന്ന് കാട്ടി കപ്പൽ ശാലയിലെ സെക്യൂരിറ്റി ഓഫീസർ പൊലീസിൽ പരാതി നൽകിയിരുന്നു കപ്പൽ ശാലയിൽനിന്ന് അന്വേഷക സംഘങ്ങൾ കസ്റ്റഡിയിലെടുത്ത ശ്രീനിഷിനെ സൗത്ത് പൊലീസിന് കൈമാറി. ഇയാളെ റിമാൻഡ് ചെയ്തു.