മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. വൃഷ്ടിപ്രദേശങ്ങളിൽ മഴ മാറിയിട്ടും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.
ബുധൻ രാവിലെ ജലനിരപ്പ് 139.25 അടി ആയിരുന്നു. വൈകിട്ടോടെ ഇത് 139.5 അടിയെത്തി. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 141.65 അടി വെള്ളം ഉണ്ടായിരുന്നു.
ജലനിരപ്പ് 142 അടിക്ക് മുകളിൽ എത്തുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രമേ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറക്കൂ. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ നിറഞ്ഞതോടെ മഴ ഇനി ഉണ്ടായാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യത്തിലേക്ക് തമിഴ്നാടിനെ കൊണ്ടെത്തിക്കും.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വൈകയുടേയും മുല്ലപ്പെരിയാറിന്റെയും വൃഷ്ടി പ്രദേശങ്ങളിൽ മഴയില്ല. 24 മണിക്കൂറിനുള്ളിൽ തേക്കടിയിൽ 3.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
ബുധൻ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കന്റിൽ 2518 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 105 ഘനയടി വീതം കൊണ്ടുപോയി.
മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന 71 അടി ഉയരമുള്ള വൈഗ അണക്കെട്ടിൽ ബുധൻ രാവിലെ ആറിന് ജലനിരപ്പ് 69.57 അടി ആയിരുന്നു. 126.28 അടി സംഭരണശേഷിയുള്ള സോത്തുപാറ അണക്കെട്ടിൽ പൂർണ അളവിൽ വെള്ളമുണ്ട്.
57 അടി സംഭരണശേഷിയുള്ള മഞ്ചലാർ അണക്കെട്ടിൽ 56.30 അടി വെള്ളവും 52.55 അടി സംഭരണശേഷിയുള്ള ഷണ്മുഖനദി ഡാമിൽ 52.50 അടി വെള്ളവും ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വൈക, മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ ഒരുപോലെ മഴപെയ്തിരുന്നു.
ഇതേ സാഹചര്യം ഉണ്ടായാൽ തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം കൊണ്ടു പോകാൻ കഴിയാതെ വരും. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും ഷട്ടറുകൾ തുറക്കേണ്ടിയും വരുന്ന സാഹചര്യം രൂപപ്പെടും.