ബോഡിമെട്ട് ചുരത്തിൽ മണ്ണിടിച്ചിൽ, കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസം
ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു. ബോഡിമെട്ട് ചുരത്തിൽ മണ്ണിടിഞ്ഞാണ് ഗതാഗതം തടസപ്പെട്ടത്. ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ദേശീയപാതയിൽ തമിഴ്നാടിൻറെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. അതിശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മഴ 15 മണിക്കൂറോളം തുടർച്ചയായി പെയ്യുകയാണ്. ബോഡിമേട് മലയോര റോഡിൽ കൊണ്ടൈ സൂചി വളവിൽ മണ്ണിടിഞ്ഞ് മരങ്ങളും കല്ലുകളും ഉൾപ്പെടെ റോഡിൽ കുന്നുകൂടി കിടക്കുകയാണ്.
ഇതോടെ ഇന്നലെ അർധരാത്രി 10 മുതൽ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കും കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും വാഹനങ്ങൾക്ക് പോകാനാകില്ല.
മലയോരപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിലെ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടഞ്ഞു.
എന്നാൽ ഇത് ഗതാഗതത്തെ പൂർണമായി ബാധിച്ചതോടെ ദേശീയപാത വിഭാഗം ബോഗ് ലൈൻ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തേനി ജില്ലയിൽനിന്ന് തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിങ്ങനെ മൂന്ന് പർവതപാതയാണ് ബോഡിമെട്ട് ഹിൽ റോഡ്.
ധനുഷ്കോടിയെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ട് ബോഡിമെട്ട് ഹിൽ റോഡാണ്. മഴക്കാലത്ത് ഇവിടങ്ങളിൽ ഉരുൾപൊട്ടലും പതിവാണ്.