ഗവർണർമാർ നിഷ്പക്ഷരായില്ലെങ്കിൽ ഭരണ സംവിധാനം തകരും, ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി റോഹിന്റൺ ഫാലി നരിമാൻ
ന്യൂഡൽഹി: കേരളത്തിൽ ഗവർണറായിരിക്കുന്ന ആളെ പോലെയുള്ള ആളുകളല്ല ഗവർണർ പദവി അലങ്കരിക്കേണ്ടതെന്ന് സുപ്രീംകോടതി മുൻ ജഡ്ജി റോഹിന്റൺ ഫാലി നരിമാൻ. ഗവർണർമാർ നിഷ്പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ തകരും.
അതുകൊണ്ട്, സ്വതന്ത്രനിലപാടുള്ള വ്യക്തികളാണ് ഗവർണർമാരാകണ്ടത്. അത്തരം ഒരു വിധി സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് താൻ കാത്തിരിക്കുകയാണെന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ മുംബൈയിൽ നടന്ന ചടങ്ങിൽ പറഞ്ഞു.
കേരള നിയമസഭ പാസാക്കി വിട്ട ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഗവർണറുടെ നടപടിയെ പ്രസംഗത്തിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ വർഷമുണ്ടായ ഏറ്റവും അസ്വസ്ഥത സൃഷ്ടിച്ച വിഷയങ്ങളിൽ ഒന്നാണ് കേരളാ ഗവർണർ ആരിഫ് മൊഹമദ് ഖാന്റെ നടപടിയെന്ന് ആർ എഫ് നരിമാൻ ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ 23 മാസം പിടിച്ചു വെച്ചു. ഒടുവിൽ, സുപ്രീം കോടതി വിരട്ടിയപ്പോൾ എട്ട് ബില്ലുകളിൽ ഏഴ് എണ്ണം രാഷ്ട്രപതിക്ക് വിട്ടു.
ഒരു ബില്ലിന് മാത്രം അനുമതി നൽകി. വളര അസ്വസ്ഥത സൃഷ്ടിച്ച ഒരു കാര്യമാണിത്. ഗവർണർമാർ ഇങ്ങനെ മൊത്തമായി ബില്ലുകൾ എടുത്ത് രാഷ്ട്രപതിക്ക് വിട്ടാൽ, നിയമസഭകളുടെ നിയമ നിർമാണത്തിനുള്ള അധികാരം സ്തംഭിക്കും. ഗവർണർ ഒരു ബിൽ തിരിച്ചയക്കുന്നത് പോലെയല്ല ബിൽ രാഷ്ട്രപതിക്ക് വിടുന്നത്.
തിരിച്ചയച്ച ബിൽ നിയമസഭ വീണ്ടും പാസാക്കി വിട്ടാൽ ഗവർണർക്ക് അത് അംഗീകരിക്കാതെ പറ്റില്ല. എന്നാൽ, ഇവിടെ ബില്ലുകൾ മൊത്തമായി രാഷ്ട്രപതിക്ക് വിടുകയാണ്. അതിലൂടെ സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ഫലത്തിൽ, കേന്ദ്ര സർക്കാരിന്റെ വാതിൽക്കൽ എത്തുകയാണ്. കേന്ദ്രം ബില്ലുകൾക്ക് അനുമതി കൊടുക്കേണ്ടെന്ന് തീരുമാനിച്ചാൽ, ആ ബില്ലുകൾ മരിച്ചത് പോലെയാകുമെന്നും അദ്ദേഹം തുറന്നടിച്ചു.
ബില്ലുകൾ അനുമതി നൽകാതെ പിടിച്ചു വെക്കുന്ന ഗവർണറുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ , ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് വിടുകയായിരുന്നു.
ഈ സാഹചര്യത്തിൽ, ബില്ലുകൾ രാഷ്ട്രപതിക്ക് വിടുന്ന ഗവർണറുടെ അധികാരം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്ന്, ഈ വിഷയം പരിഗണിക്കാമെന്ന് സുപ്രീം കോടതി കേരളത്തിന് ഉറപ്പു നൽകിയിട്ടുണ്ട്.