രഞ്ജിത്തിനെതിരായ പരാതിയിൽ 23ന് ശേഷം നടപടിl; സജി ചെറിയാൻ
ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നും ആലപ്പുഴയിലെ നവകേരള സദസിനിടെ മന്ത്രി പ്രതികരിച്ചു. താനാരേയും വ്യക്തിപരമായി പരിഹസിക്കാറില്ല, രഞ്ജിത്തിനെതിരേ ഒന്നിലധികം പരാതികൾ കിട്ടിയിട്ടുണ്ട്.
പരാതിക്കാരെ വിളിച്ചു വരുത്തി അവരുടെ പ്രശ്നങ്ങൾ കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും.വ്യക്തിപരമായുള്ള പ്രശ്നങ്ങളാണിവ.
23ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കും. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കൗൺസിൽ അംഗങ്ങൾ രഞ്ജിത്തിനെതിരേ മന്ത്രിക്കു നൽകിയ കത്തിൻറെ വിശദാംശങ്ങൾ പുറത്തു വന്നിട്ടുണ്ട്.
രഞ്ജിത്തിൻറേത് മാടമ്പി നിലപാടാണെന്നും ഇത് തിരുത്തണമെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നുമുള്ള കാര്യങ്ങൾ കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചിരിക്കുന്നത്.
ഫിലിം ഫെസ്റ്റുവൽ പ്രവർത്തനങ്ങൾക്കിടെ ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനെ താൽക്കാലിക ജോലിക്കാരിയായ ശ്രീവിദ്യ അവഹേളിച്ചെന്നും അവർക്കെതിരേ നടപടിയെടുക്കണണെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വിഷയത്തിൽ അക്കാദമി ചെയർമാൻ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് കുക്കു പരമേശ്വരനോടു കാട്ടിയത്. ഫെസ്റ്റിവൽ ജോലികൾ അവസാനിപ്പിച്ച് വീട്ടിൽ പോവാനായിരുന്നു രഞ്ജിത്തിൻറെ പ്രതികരണമെന്നും ഇത് വളരെ പരുഷമായ ഭാഷയിലായിരുന്നെന്നും കത്തിൽ പറയുന്നു.