ഞാൻ മരിക്കാതെന്തെന്ന് ചോദിച്ചവരുണ്ട്, എന്തുകൊണ്ടാണ് പ്രതിപക്ഷത്തിൻറെ നിഷേധാത്മക സമീപനത്തെ കുറിച്ച് മിണ്ടാത്തത്; മുഖ്യമന്ത്രി
ആലപ്പുഴ: കെ.എസ്.യു പ്രവർത്തകരെ മർദിച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാൻറെ പ്രവർത്തി സ്വഭാവികമായ നടപടിയാണ്.
തൻറെ സംരഷണമാണ് അവരുടെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.യൂണിഫോമിലുള്ള പൊലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി ജോലി ചെയ്യുന്നവരാണ് തൻറെ അംഗരക്ഷകർ.
നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീണ് സമരം നടത്താമോ. നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങൾ കാണുന്നില്ല. മാധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യുമെന്ന് പറയും, ചെയ്യില്ല .ഇത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് നവകേരള ബസ് ജനറൽ ആശുപത്രിക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധവുമായെത്തിയ കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിന് സമീപത്തേക്ക് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി എത്തിയത്.
അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ പിടിച്ച് മാറ്റുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗൺമാനും മൂന്ന് അംഗരക്ഷകരും ലാത്തിയുമായെത്തി പ്രവർത്തകരെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
ഗൺമാൻറെ അടിയേറ്റ് കെ.എസ്.യു ജില്ലാ പ്രസിഡൻറ് എ.ഡി.തോമസിൻറെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി അജയ് ജുവലിനും പരുക്കേറ്റു. ഇടുക്കിയിൽ മാധ്യമപ്രവർത്തകനെ തള്ളിമാറ്റിയ സംഭവത്തിലും പ്രതി ഇതേ ഗൺമാനാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇക്കാര്യത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എത്രയോ ക്യാമറക്കാർ നമ്മുടെ അടുത്തു വരാറുണ്ട്. അങ്ങനെ ആരെങ്കിലും ചെയ്യാറുണ്ടോ?. പിന്നിലേക്ക് വന്ന ഘട്ടത്തിലാണ് ഗൺമാൻ അയാളെ തള്ളിമാറ്റിയത്. അത് സ്വാഭാവികമാണ്. അതിനല്ലേ അയാൾ ഡ്യൂട്ടിക്കുള്ളത്.
ഒരുപാട് വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ഇയാൾ മരിച്ചുകിട്ടാത്തതെന്തെന്ന് ചോദിച്ച മാധ്യമപ്രവർത്തകർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടല്ലോ?. അങ്ങനെയുള്ള വികാരത്തോടെയുള്ള ആളുകൾ പാഞ്ഞടുത്താൽ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റും. അതിൻറെ അർഥം നിങ്ങൾ എല്ലാവരും താൻ അപകടത്തിൽപ്പെടണമെന്ന് കരുതുന്നവരല്ല, നിങ്ങളിൽ അത്തരത്തിൽ ചിന്തിക്കുന്നവരുമുണ്ടെന്നും പിണറായി പറഞ്ഞു.
ആരോഗ്യകരമായ ബന്ധമാണ് ഉണ്ടാവേണ്ടതെന്ന് എത്ര ആഗ്രഹിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാക്കൂവെന്ന് ചിന്തിച്ച് നടക്കുന്ന ആളുകൾ ഉണ്ടല്ലോ?. അതിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത്.
അല്ലെങ്കിൽ ഇന്നത്തെ അവസ്ഥയിൽ നവകേരള സദസിന് മുന്നിലേക്ക് കരിങ്കൊടിയുമായി ആരെങ്കിലും വരുമോ?. കേന്ദ്ര സർക്കാർ കാണിക്കുന്ന തെറ്റായ നടപടികൾക്കെതിരെ നമ്മുടെ സംസ്ഥാനം സുപ്രീം കോടതിവരെ പോയല്ലോ?.
പ്രതിപക്ഷ സഹകരണം ആഭ്യർഥിച്ചപ്പോൾ നിങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നാണ് അവർ പറഞ്ഞത്. കേന്ദ്രം നൽകേണ്ടുന്ന ഫണ്ട് ലഭിച്ചില്ലെങ്കിൽ നമ്മുടെ നാടിന്റെ ഭാവിയെന്താകും പിണറായി ചോദിച്ചു
മധ്യമപ്രവർത്തകർ നാടിന് വേണ്ടി നിൽക്കുന്നവരാണെന്ന് പറയും. നിങ്ങൾ എന്തിനാണ് ഇങ്ങനെയൊരു പ്രത്യേകമനോഭാവവും കൊണ്ടുനടക്കുന്നത്. എന്താണ് ഈ നാടിനെതിരെ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്,, ഈ നാടിന് വേണ്ടിയല്ലേ ഞങ്ങൾ പ്രവർത്തിക്കുന്നത്.
എന്തൊക്കെ വീഴ്ചയുണ്ടെന്നല്ലേ നിങ്ങൾ പറയേണ്ടത്. എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്. എന്തുകൊണ്ട് പ്രതിപക്ഷത്തിൻറെ നിഷേധാത്മക സമീപനത്തെ കുറിച്ച് മിണ്ടാത്തത്തെന്നും നിർഭാഗ്യകരമായ അവസ്ഥയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.