മത്സ്യ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തൽ; സർക്കാരിന്റെ സുപ്രധാന മുൻഗണനയിൽ ഒന്നാണെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: മത്സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതം മെച്ചപ്പെടുത്തുകയെന്നത് സർക്കാരിന്റെ സുപ്രധാന മുൻഗണനയിൽ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
590 കിലോമീറ്റർ നീണ്ട കടൽ തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. കാലാവസ്ഥാ വ്യതിയാനംമൂലം കടൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരദേശവാസികൾ ഇപ്പോൾത്തന്നെ വലിയ സമ്മർദ്ദത്തിലാണ്.
ഇതിനൊപ്പം, കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബ്ലൂ ഇക്കോണമി മൂലമുള്ള അശാസ്ത്രീയ വികസനവും കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ മോശമാകുമെന്ന ആശങ്ക പൊതുവെ നിലനിൽക്കുന്നുവെന്നും കായംകുളത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സമുദ്രത്തെ മത്സ്യ തൊഴിലാളികളിൽ നിന്ന് അന്യവൽക്കരിച്ച് വൻകിട ഖനനക്കാർക്കും വ്യവസായികൾക്കും വീതിച്ചു കൊടുക്കുന്നതാണ് ബ്ലൂ ഇക്കോണമിയെന്ന ശക്തമായ വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.
വനങ്ങളുടെ അവകാശം ആദിവാസികൾക്കെന്ന പോലെ കടലിൻ്റെ അവകാശം മത്സ്യത്തൊഴിലാളികൾക്കാണെന്ന നയമാണ് സംസ്ഥാന സർക്കാരിൻ്റേത്.
തീരദേശത്ത് ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് പാർപ്പിടത്തിന്റേതാണ്. അത് പരിഹരിക്കാൻ സർക്കാർ തീവ്രമായി ശ്രമിക്കുകയാണ്. 12104 വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ ഏഴുവർഷത്തിൽ നിർമിച്ചു നൽകിയത്.
ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 204 ഫ്ലാറ്റുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മുട്ടത്തറയിലെ 400 ഫ്ളാറ്റുകളുടെ നിർമ്മാണം പകുതിയോളം പൂർത്തിയായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പൊന്നാനി(100), ഉണ്ണിയാൽ(16), കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹിൽ(80), കാസർഗോഡ് ജില്ലയിലെ കോയിപ്പാടി(144) എന്നിങ്ങനെ 944 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ വലിയതുറയിലും വേളിയിലുമായി 2.37 ഏക്കർ ഭൂമി ലഭ്യമാക്കി 192 ഫ്ലാറ്റുകളുടെ നിർമ്മാണാനുമതിക്കുള്ള നടപടിയും പുരോഗമിക്കുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കുന്നതിന്റെ ഭാഗമായി 10 പേർ വീതമടങ്ങുന്ന ഗ്രൂപ്പിന് 1.56 കോടി രൂപ വീതം വിലവരുന്ന 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ നൽകാൻ തീരുമാനിച്ചിരുന്നു.
അതിൽ ആറ് ബോട്ടുകൾ കൈമാറി. ബാക്കി നാലെണ്ണം ഈ മാസം തന്നെ കൈമാറും. 320 എഫ്. ആർ. പി. മത്സ്യബന്ധന യൂണിറ്റുകൾ വിതരണം ചെയ്തു. ഈ വർഷം 100 യൂണിറ്റുകൾ കൂടി വിതരണം ചെയ്യും.
കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന തൊഴിൽനഷ്ടം നികത്താൻ ധനസഹായം നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. നിലവിൽ 50 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു കഴിഞ്ഞു.
കാലാവസ്ഥാ മുന്നറിയിപ്പ്, കോവിഡ് എന്നിവ മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിലായി ആകെ180 കോടി രൂപയുടെ ധനസഹായമാണ് നൽകിയത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എൻജിൻ വാങ്ങുന്നതിന് 30000 രൂപ വീതവും വല വാങ്ങുന്നതിന് 10000 രൂപ വിതവും ധനസഹായം നൽകുന്നുണ്ട്.
മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവർദ്ധനയും പരിഗണിച്ച് കൂടുതൽ സുലഭവും ആദായകരവുമായ പെട്രോൾ, ഡീസൽ, എൽ.പി.ജി തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള എൻജിനുകളിലേയ്ക്ക് മാറുന്നതിന് സർക്കാർ ധനസഹായം നൽകും. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ് ലഭ്യമാക്കി. പ്രീമിയം തുകയുടെ 90% വും സർക്കാർ ധനസഹായമാണ്.
സമുദ്ര മത്സ്യബന്ധന നിയമം കാലോചിതമായി പരിഷ്കരിച്ച് ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കിയത് വഴി സമുദ്രമത്സ്യ ഉത്പാദനത്തിൽ 6.93 ലക്ഷം മെട്രിക് ടൺ ഉല്പാദനം കൈവരിച്ച് കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തി.
ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം കൊണ്ടുവന്നു. ഇതിന്റെ ചട്ടം രൂപീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.
മത്സ്യബന്ധന ഹാർബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ 21 പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റികൾ രൂപീകരിച്ചു.
വനിതാ മത്സ്യവിപണന തൊഴിലാളികൾക്ക് സൗജന്യയാത്ര ഒരുക്കാൻ കെ. എസ്. ആർ. റ്റി. സി. യുമായി ചേർന്ന് സമുദ്ര പദ്ധതി നടപ്പിലാക്കി. മത്സ്യ തൊഴിലാളികൾക്കുള്ള അപകട ഇൻഷ്വറൻസ് 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. മുഴുവൻ മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളികളെയും ഇൻഷ്വറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തി.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 20 ശതമാനം സംവരണം ഏർപ്പെടുത്തിയ രാജ്യത്തിലെ ആദ്യത്തെ ഫിഷറീസ് സർവ്വകലാശാല ആരംഭിച്ചത് കേരളത്തിലേതാണ്.
ഫിഷറീസ് സർവകലാശാലയ്ക്ക് പയ്യന്നൂരിൽ സെന്റർ ആരംഭിച്ചു. വിദ്യാതീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ/സിവിൽ സർവ്വീസ്/ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നൽകുകയാണ്. ഈ പദ്ധതിയിലൂടെ തിരമേഖലയിൽ ഇതിനകം 75 ഡോക്ടർമാരെ സൃഷ്ടിച്ചു.
മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് അവരുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു.
ഇങ്ങനെ മത്സ്യത്തൊഴിലാളികളെ എല്ലാ അർത്ഥത്തിലും ചേർത്തു പിടിച്ച് കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. തീരദേശ മേഖലകളിലാകെ ആവേശത്തോടെ ജനങ്ങൾ നവകേരള സദസ്സിനെത്തുന്നതിന്റെ കാരണവും സർക്കാരിന്റെ ഈ സമീപനമാണ്.
മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ ലഭിച്ച നിവേദനങ്ങൾ: അരൂർ - 7216, ചേർത്തല - 6965, ആലപ്പുഴ - 5265, അമ്പലപ്പുഴ - 5979, കുട്ടനാട് - 8012, ഹരിപ്പാട് - 5772.