യു.എൻ: ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ ഉടൻ വെടിനിർത്തണമെന്ന അടിയന്തര പൊതുസഭാ പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സംഘടന. മൂന്നിൽ രണ്ടു രാജ്യങ്ങളും വെടിനിർത്തൽ ആവശ്യപ്പെട്ടു.
അടിയന്തരയോഗം വിളിക്കാൻ ഈജിപ്തും മൗറിറ്റാനിയയും തിങ്കളാഴ്ച 377 എ (വി) പ്രമേയം അവതരിപ്പിച്ചിരുന്നു. സാധാരണക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനുഷികനിയമം ഉൾപ്പെടെയുള്ള എല്ലാ നിയമങ്ങളും പാലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ഇന്ത്യ ഉൾപ്പെടെ 153 രാജ്യങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്ക, ഇസ്രയേൽ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപുവ ന്യൂ ഗിനി, പരാഗ്വേ എന്നീ രാജ്യങ്ങൾ എതിത്തു.
ബ്രിട്ടൻ, ജർമനി, ഹംഗറി, ഇറ്റലി, അർജന്റീന, മലാവി, നെതർലൻഡ്സ്, ഉക്രയ്ൻ, ദക്ഷിണ സുഡാൻ, ഉറുഗ്വേ എന്നിവർ വിട്ടുനിന്നു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയായിരുന്നു അടിയന്തര പൊതുസഭായോഗം.
പ്രമേയം ഹമാസിനെ അപലപിക്കുകയോ അവരെപ്പറ്റി പരാമർശിക്കുകയോ ചെയ്തില്ലെന്ന് ഇസ്രയേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ പറഞ്ഞു.
വെടിനിർത്തൽ വേണമെങ്കിൽ ഹമാസ് നേതാവിനെ ബന്ധപ്പെടണമെന്ന പ്ലക്കാർഡും ഉയർത്തി. പ്രമേയത്തിൽ അമേരിക്കയും ഓസ്ട്രയയും നിർദേശിച്ച ഭേദഗതിയും പരാജയപ്പെട്ടു.
ഏകാഭിപ്രായം ഇല്ലാത്തതിനാൽ ആഗോള സമാധാനം നിലനിർത്താനുള്ള പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റാൻ രക്ഷാസമിതിക്ക് കഴിയുന്നില്ലെങ്കിൽ പൊതുസഭയ്ക്ക് ഇടപെടാമെന്ന് 377 എ (വി) പ്രമേയം പറയുന്നു. എന്നാൽ, പൊതുസഭയുടെ നിർദേശങ്ങൾക്ക് നിയമസാധുത ഇല്ലാത്തതിനാൽ അവഗണിക്കാനാകും.