പാർലമെന്റിൽ കനത്ത സുരക്ഷ
ന്യൂഡൽഹി: ലോക്സഭാ ചേംബറിലേക്ക് അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ച സംഭവത്തിൽ ആസുത്രകന്‍ അധ്യാപകനായ ലളിത് ത്സായെന്ന് സൂചന ലഭിച്ചതായി പൊലീസ്.
സുരക്ഷാ വീഴ്ചയുണ്ടായ സമയത്ത് ഇയാൾ പാർലമെന്റിന് പുറത്തുണ്ടായിരുന്നതായും ഇയാൾക്കായി ശക്തമായ തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി. മനോരഞ്ജനാണെന്നാണ് പൊലീസ് പറയുന്നത്.
ലളിത് ത്സായ്ക്ക് നിർദേശം നൽകിയത് താനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നക്സൽ ഗ്രൂപ്പുകളുടെ രീതി തുടരുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു.
അതേസമയം, പാർലമെന്റിലെ സുരക്ഷാ വീഴ്ച ചർച്ചചെയ്യണെന്ന് പ്രതിപക്ഷം അറിയിച്ചു. അടിയന്തരപ്രമേയത്തിന് എംപിമാർ നോട്ടീസ് കൊടുത്തു.
ഇന്നലെയുണ്ടായ ഗ്യാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന ഗേറ്റിലൂടെ മാത്രമാണ് എംപിമാർക്ക് പാര്‍ലമെന്റിലേക്ക് പ്രവേശനനുമതിയുള്ളത്.
പാര്‍ലമെന്റ് കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കുന്നവരെ, അവരുടെ ഷൂസുകള്‍ അടക്കം അഴിച്ചു പരിശോധിക്കുന്നുണ്ട്. ജീവനകാർക്ക് അടക്കം കർശന പരിശോധന നടത്തുന്നുണ്ട്.
ഇവർക്കായുള്ള പ്രവേശനം മറ്റൊരു ഗേറ്റു വഴിയാണ് ഒരുക്കിയിരിക്കുന്നത്. വിശദമായ ദേഹപരിശോധനയും ബാഗുകൾ അടക്കം തുറന്ന് പരിശോധന നടത്തുന്നുണ്ട്.
ലോക്സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഇവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
ചേംബറിലേക്ക് ചാടിയത് മൈസൂരു സ്വദേശി ഡി. മനോരഞ്ജനും(34) ലക്നൗ സ്വദേശി സാഗർ ശർമയുമെന്ന്(26) തിരിച്ചറിഞ്ഞു. പാർലമെന്റ് പരിസരത്ത് കളർസ്പ്രേ ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിടിയിലായത് ഹരിയാനയിലെ ജിൻഡ് സ്വദേശി നീലം ദേവിയും(42) മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശി അമോൽ ഷിൻഡെയുമാണ്(25).
ഇവർക്കു പുറമേ ഗുഡ്ഗാവിൽ നിന്ന് വിക്കി ശർമ്മെയെന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. ആറാമനായ ലളിത് ഝായ്ക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.