ശബരിമല വിഷയത്തിൽ തെറ്റായ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ വിരോധം; മുഖ്യമന്ത്രി
ശബരിമല വിഷയത്തിൽ തെറ്റായ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ വിരോധം; മുഖ്യമന്ത്രി
തൊടുപുഴ: രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ശബരിമല വിഷയത്തിൽ നടക്കുന്ന തെറ്റായ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൽപിത കഥകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല ദർശന വിഷയത്തിൽ തീർഥാടകർക്ക് യാതൊരു ആശങ്കയും വേണ്ട. സുഖകരമായ ദർശനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പീരുമേട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന് വേണ്ടി പാർലമെന്റിൽ അരയക്ഷരം മിണ്ടാത്ത എം.പിമാർ കേരളത്തെ അപകീർത്തിപ്പെടുത്താൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. പാർലമെന്റിന് പുറത്ത് ശബരിമല വിഷയത്തിൽ ഇന്ന് സമരം നടത്തുന്ന അവർ അതാണ് തെളിയിക്കുന്നത്.
ശബരിമലയിൽ സംസ്ഥാന സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല, തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടാണ്, കേന്ദ്രസർക്കാർ ഇടപെടണം എന്നാണ് അവരുടെ ആവശ്യം. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാണ്. അവിടെക്കെത്തുന്ന തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞും വസ്തുതകളെ വക്രീകരിച്ചും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാൻ ഏജൻസികളുടെ ഉപദേശം സ്വീകരിച്ചാണ് അവർ ഇത്തരത്തിൽ ചെയ്യുന്നത്. ശബരിമല പോലൊരു തീർത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കടന്നുവരുന്നത് അനഭിലഷണീയമാണ്. അത് കേരളത്തിനും ശബരിമലക്കും ദോഷകരമാണ്.
യഥാർത്ഥത്തിൽ എന്താണ് വസ്തുത. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് യാതൊരു മുന്നൊരുക്കവും ആസൂത്രണവും നടന്നിട്ടില്ല എന്നാണ് ഒരു പ്രചാരണം. മുന്നൊരുക്കങ്ങൾ വളരെ നേരത്തേ തുടങ്ങുന്നതാണ്.
എല്ലാ വകുപ്പുകളും മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തും. ഒരുക്കങ്ങൾ വിലയിരുത്താൻ സെപ്റ്റംബർ 27 ന് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ നടത്തിയ യോഗത്തിൽ മറ്റ് എല്ലാവകുപ്പുകളും മന്ത്രിമാരും പങ്കെടുത്തു.
തുടർന്ന് തീരുമാനങ്ങൾ നടപ്പാക്കിയോ എന്ന് വിലയിരുത്താൻ ഒക്ടോബർ 16 വ് ദേവസ്വം മന്ത്രിയുടെ നേൃത്വത്തിൽ വീണ്ടും യോഗം ചേർന്നു.
തുടർന്ന് 18ന് തിരുവനന്തപുരത്ത് എല്ലാമന്ത്രിമാരും യോഗം ചേർന്ന് മുഴുവൻ പ്രവർത്തനങ്ങളും കൃത്യമായി അവലോകനം ചെയ്തു. ശേഷം ഒക്ടോബർ 27ന് പമ്പയിൽ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിലും 28 ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലും 31ന് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തിൽ നിലക്കലും യോഗം ചേർന്നു.
ഇതൊക്കെ വിലയിരുത്താനായി പിന്നീട് നവംബർ ഒമ്പതിന് വനംമന്ത്രിയുടെ നേതൃത്വത്തിലും 12ന് ജലവിഭവമന്ത്രിയുടെ നേതൃത്വത്തിലും നവംബർ 17ന് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്തും യോഗം ചേർന്നു. ഓരോ ഘട്ടത്തിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിക്കുകയും ചെയ്തു.
ഇതുകൂടാതെ ചീഫ്സെക്രട്ടറി, ദുരന്തനിവാരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാനപൊലീസ് മേധാവി, ജില്ലാകളക്ടർ എന്നിവരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേർന്നു.
സൂക്ഷ്മമായ വിലയിരുത്തലും നിർവഹണവും നടന്നു. ഇത് മറച്ചുവെക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമായതുകൊണ്ടാണ് അവർ തെറ്റായ പ്രചാരണം നടത്തുന്നത്. ഒരു വീഴ്ചയും ഇല്ലാത്ത മികച്ച മുന്നൊരുക്കമാണ് ശബരിമലയിൽ സർക്കാർ നടത്തിയത്. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചാണ് ഈ ക്രമീകരണങ്ങളെല്ലാം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യത്തിന് ശൗചാലയങ്ങളില്ല എന്നാണ് മറ്റൊരു പ്രചാരണം. സന്നിധാനത്ത് 1005 ഉം പമ്പയിൽ 412 ഉം നിലയ്ക്കലിൽ 933 മായി ആകെ 2350 ശൗചാലയങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ സന്നിധാനത്തും പമ്പയിലും 45 ബയോടോയ്ലറ്റുകളും നിലക്കലിൽ 30 കുളിമുറികളും 70 ഷവറുകളും ഒരുക്കിയിട്ടുണ്ട്. ഈ വസ്തുത മറച്ചുവെക്കുന്നത് എന്തിനാണ്.
ശബരിമലയിലെത്തുന്ന തീർത്ഥാടകരെല്ലാം ഈ സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വൈദ്യുതി വകുപ്പും ജലവിഭവവകുപ്പും വെളിച്ചത്തിനും ശുദ്ധജലത്തിനും സൗകര്യമൊരുക്കി. ഭക്ഷ്യസുരക്ഷാ സംവിധാനം, ശുചീകരണത്തിനുള്ള ക്രമീകരണം, മാലിന്യസംസ്കരണ സംവിധാനം, ആംബുലൻസുകൾ, എക്സൈസ് ക്രമീകരണങ്ങൾ, ഭക്ഷണശാല, പൊതുഇടങ്ങൾ എന്നിവയും മികച്ച രീതിയിൽ ഒരുക്കി.
ട്രാഫിക് നിയന്ത്രിക്കാനും പാർക്കിങ്ങിനും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കാനനപാത അടക്കമുള്ള തീർത്ഥാടന വഴികൾ നേരത്തേ ഒരുക്കി. ശബരിമലയിൽ പൊലീസിനെ കാണുന്നില്ല എന്നാണ് മറ്റൊരു ആക്ഷേപം.
എന്തിനാണിങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത്. 2019-20 കാലത്ത് 11415 പൊലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചിരുന്നെങ്കിൽ 16118 പൊലീസുകാരെ ഇത്തവണ നിയോഗിച്ചിട്ടുണ്ട്.
എന്നിട്ടാണ് പൊലീസേ ഇല്ലെന്ന് കള്ളം പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനം പരിതാപകരമാണ് എന്നാണ് മറ്റൊരു ആക്ഷേപം. ദേവസ്വംബോർഡ് ചെയർമാനോടുള്ള വിരോധം മൂലം ശബരിമലയെ ആക്ഷേപിക്കുന്നത് ശരിയല്ല.
എല്ലാവകുപ്പുകളും യോജിച്ച് മികച്ച പ്രവർത്തനമാണ് അവിടെ നടത്തുന്നത്. ദേവസ്വംബോർഡ് ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തി.
പ്രവർത്തനങ്ങളും തിരക്കും ദൈനംദിനം നിരീക്ഷിക്കുന്നുണ്ട്. തിരക്ക് കൂടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ വിഷയങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ.
കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 19 ദിവസം വന്ന പ്രതിദിന തീർത്ഥാടകരുടെ ശരാശരി എണ്ണം 62000 ആയിരുന്നെങ്കിൽ ഡിസംബർ 6 മുതലുള്ള നാല് ദിവസം ശരാശരിയെത്തിയത് 88000 പേരാണ്. ഈ വർധനവിന്റെ ഭാഗമായി സ്വാഭാവികമായും തിരക്കുണ്ടാവും.
കൈകാര്യം ചെയ്യാനാവാത്ത ഒരു പ്രശ്നമല്ല ഇത്. ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചത് ഈ തിരക്ക് നിയന്ത്രിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി 50000 ചെയിൻസർവീസും 11000 ലോംങ് സർവീസും നടത്തിക്കഴിഞ്ഞു. അതുകൊണ്ട് ശബരിമലയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളിൽ തീർത്ഥാടകർ ഒരു വിധത്തിലും ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂപതിവ് നിയമഭേദഗതി ചരിത്രത്തിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തുന്ന സർക്കാർ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.
ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, പൊതുആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിക്കും.
ടൂറിസം മേഖലകളെ പ്രത്യേക പ്രാധാന്യത്തോടെ കാണും. ചരിഞ്ഞ ഭൂമിയിലെ നിർമ്മാണങ്ങൾക്ക് പ്രത്യേക ചട്ടം കൊണ്ടുവരും. കൃഷിക്കായി പതിച്ചു നൽകിയ ഭൂമി പരിവർത്തനപ്പെടുത്തി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ചട്ടങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ചു, കാലാനുസൃതമായ രീതിയിലാകും ചട്ടങ്ങൾക്ക് രൂപം നൽകുക.
സാധാരണ ജനങ്ങൾക്ക് യാതൊരുവിധ ഭാരവും ഉണ്ടാകാത്ത വിധമാകും പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കുക. ലളിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും പുതിയ ചട്ടം. നാട്ടിലെ വിവിധ രാഷ്ടീയ പ്രസ്ഥാനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ട കക്ഷികളോട് ചർച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ ചട്ടരൂപീകരണത്തിലേക്ക് സർക്കാർ കടക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പീരുമേട് എം.എൽ.എയും സംഘാടകസമിതി ചെയർമാനുമായ വാഴൂർ സോമൻ അധ്യക്ഷനായി. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ, ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവർ സംസാരിച്ചു.
മറ്റു മന്ത്രിമാർ, മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം എം മണി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു, ജില്ലാ കളക്ടർ ഷീബാ ജോർജ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നവകേരളസദസ്സ് നോഡൽ ഓഫീസറും അസി. കർഡമം സെറ്റിൽമെന്റ് ഓഫീസറുമായ ഡോ. പ്രിയൻ അലക്സ് റെബല്ലോ സ്വാഗതവും സംഘാടകസമിതി കൺവീനറും ബി ഡി ഒയുമായ ആർ വെള്ളയ്യൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ നാടൻപാട്ടും അവതരിപ്പിച്ചു.