വന്യമൃഗശല്യം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മുഖ്യമന്ത്രി
ഇടുക്കി: ജില്ലയിലെ കാര്‍ഷിക മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വന്യമൃഗശല്യം ഗൗരവമായ പ്രശ്നമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് പരിഹരിക്കാന്‍ കഴിയില്ല. വന്യമൃഗ ശല്യം മൂലം കൃഷിക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നത് വാസ്തവമാണ്.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളിലേക്ക് പോകണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമീപനം സംസ്ഥാനത്തിന് അനുകൂലമല്ല.
കൂടാതെ മനുഷ്യരേക്കാള്‍ വന്യമൃഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വലിയൊരു വിഭാഗവും രാജ്യത്തുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ അരിക്കൊമ്പനെന്ന ആനയെ പിടികൂടിയപ്പോള്‍ മേനക ഗാന്ധി നേരിട്ട് വിളിക്കുന്ന സാഹചര്യമുണ്ടായി. ജനങ്ങളുടെ ബുദ്ധിമുട്ട് അവര്‍ക്ക് പ്രശ്നമല്ല. ഇങ്ങനെ ചിന്തിക്കുന്നവര്‍ കുറച്ചധികമുണ്ട്. ഇതിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുന്നു. കോടതികള്‍ ഇടപെടുന്നു.
വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഒരു പാക്കേജ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ രാജ്യത്തെ മുഴുവന്‍ കണക്കിലെടുത്തുള്ള സമീപനം ആവശ്യമാണ്. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയില്ല. ചെറിയ ജീവികള്‍ പോലും കൃഷിക്കാര്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് സാധ്യമായ കാര്യങ്ങള്‍ ചെയ്തു വരികയാണ്. വന്യമൃഗങ്ങള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി നാട്ടിലേക്ക് കടക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
വന്യമ്യഗങ്ങളുടെ ആക്രമണം മൂലം നഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നഷ്ടപരിഹാര തുക കര്‍ഷകര്‍ക്ക് നല്‍കുന്നതിന് കാലതാമസമുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്കാത്തതുമൂലം ഇത്തരം സഹായങ്ങള്‍ വൈകുന്ന സ്ഥിതിയുണ്ട്.
തനത് വരുമാനത്തില്‍ കേരളം വളരുകയാണെങ്കിലും കേന്ദ്ര വിഹിതത്തിലും കടമെടുപ്പ് പരിധിയിലും വലിയ കുറവ് നേരിടുകയാണ്. 56000 കോടിയിലധികം രൂപയാണ് കേരളത്തിന് ഈ വര്‍ഷം ലഭിക്കേണ്ട തുകയില്‍ കുറവുണ്ടായിരിക്കുന്നത്. ഓരോ ഘട്ടത്തിലും ഇതിന്റെ പ്രയാസങ്ങള്‍ നേരിടുകയാണ്. വേഗത്തില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നേടിയ നേട്ടങ്ങളും മുന്നോട്ട് പോകുന്നതിനുള്ള പോകുന്നതിനുള്ള ആശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു.
ഇത് ജനസമക്ഷം അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ജനാധിപത്യ ക്രമത്തില്‍ നിരവധി പുതുമകളാണ് സംസ്ഥാനം അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വിലയിരുത്താന്‍ അവസരം നല്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട്, ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള ഫയല്‍ അദാലത്തുകള്‍, മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകള്‍, വികസന പദ്ധതികള്‍ വേഗത്തില്‍ ആക്കുന്നതിനും തടസ്സങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള മേഖലാതല അവലോകനയോഗങ്ങള്‍, വനമേഖലയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വനസൗഹൃദ സദസ്സ്, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തീര സദസ്സ് തുടങ്ങിയ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു.
ഇവയുടെ എല്ലാം തുടര്‍ച്ചയായാണ് നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഭരണനിര്‍വഹണത്തിന്റെ സ്വാദ് ജനങ്ങള്‍ക്ക് വേഗത്തില്‍ അനുഭവേദ്യമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലയിലുള്ള 250ലധികം വ്യക്തികളാണ് പ്രഭാത സദസ്സില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറക്കല്‍ അറക്കല്‍, സി.എസ്.ഐ ഈസ്റ്റ് കേരള ബിഷപ്പ് വി.എസ് ഫ്രാന്‍സിസ്, യാക്കോബായ സഭ ഇടുക്കി ഭദ്രാസനം മെത്രാപോലീത്ത ബിഷപ്പ് സക്കറിയ മാര്‍ പീലക്സിനോസ്, എസ്എന്‍ഡിപി മലനാട് യൂണിയന് പ്രസിഡന്റ് ബിജു മാധവന്, കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജനറല്‍ സെക്രട്ടറി റ്റി.കെ അബ്ദുല്‍ കരീം സഖാഫി, അഖില തിരുവിതാംകൂര്‍ മലയര മഹാസഭ പ്രസിഡന്റ് കെ.ബി ശങ്കരന്, ആംഗ്ലിക്കന്‍ ചര്‍ച്ച ഓഫ് ഇന്ത്യ ആര്‍ച്ച് ബിഷപ്പ് ലേവി ഐക്കര, സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം എന്‍.പി പ്രദീപ്, പൈനാവ് അമല്‍ ജ്യോതി സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡാനിയ റോസ്, കര്ഷകന് കുര്യന് ജോസഫ്, സ്വാതന്ത്ര്യ സമര സേനാനി എം ജോണ്‍, ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി.കെ സ്മിത, സ്പെഷ്യല്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ശ്രീക്കുട്ടി നാരായണന്, ഇടുക്കി രൂപത ബിഷപ്പ് ഫാദര്‍ ജിന്‍സ് കാരക്കാട്ട് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.