നവകേരള സദസ്സ് ഇടുക്കി ജില്ലയിൽ, കോൺഗ്രസിനും യു.ഡി.എഫിനും ബി.ജെ.പിയുടെ അതേ മാനസികാവസ്ഥയാണെന്ന് മുഖ്യമന്ത്രി
തൊടുപുഴ: കേരളത്തിനെതിരെ പ്രവർത്തിക്കുന്ന ബി.ജെ.പിയുടെ അതേ മാനസികാവസ്ഥയാണ് കോൺഗ്രസിനും യു.ഡി.എഫിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൊടുപുഴയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പുരോഗതി തടയാൻ ഒരു ശക്തിക്കും കഴിയില്ല. ലോകത്തിന് മുന്നിൽ നാം തന്നെ കാണിച്ച പാഠമാണത്.
പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോൾ നമ്മെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ സഹായിക്കാതിരുന്നിട്ടും കേരളം തകർന്നില്ല. ജനങ്ങളുടെ ഐക്യത്തിൽ നാം പുരോഗതി നേടി.
നമ്മുടെ മുന്നോട്ടു പോക്കിനെ എങ്ങനെയൊക്കെ തടയാമെന്ന് കേന്ദ്ര സർക്കാർ ചിന്തിക്കുന്നു. പ്രാദേശിക സർക്കാരുകൾക്ക് ധനവും അധികാരവും നൽകേണ്ടതുണ്ട്. പക്ഷെ കേരളത്തിന് അത് ലഭിക്കുന്നില്ല.
നവകേരള സദസ്സിൽ അധ്യക്ഷത വഹിക്കേണ്ടത് എം.എൽ.എമാരാണ്. ഈ പരിപാടി നിശ്ചയിച്ചപ്പോൾ സർക്കാർ അങ്ങനെയാണ് തീരുമാനിച്ചത്. പക്ഷെ യു.ഡി.എഫ് ബഹിഷ്കരിച്ചു. ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്.
ഇവിടുത്തെ എം.എൽ.എ ഈ പരിപാടിയിലില്ല. മുമ്പ് ഇവിടെ നടന്ന പ്രധാന പരിപാടിയിലും അദ്ദേഹം സഹകരിച്ചില്ല. സർക്കാരിന്റെ ഏത് പരിപാടിയുമായും സഹകരിക്കാതിരിക്കാനുള്ള മാനസികാവസ്ഥയിലാണ് യുഡിഎഫ്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. ലോക്സഭയിൽ 18 എം.പിമാർ യു.ഡി.എഫിനുണ്ട്. ഇവർ കേരളത്തിന്റെ പ്രശ്നം ഉന്നയിക്കുന്നത് കാണുന്നില്ല.
നമ്മെ ദ്രോഹിക്കുന്ന കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ അതേ മാനസികാവസ്ഥയിലാണ് കോൺഗ്രസും യു.ഡി.എഫും. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപിമാരുടെ യോഗം വിളിക്കുന്ന പതിവുണ്ട്.
കേരളത്തിന് അർഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പക്ഷെ യു.ഡി.എഫ് എം.പിമാർ ഒപ്പിട്ടില്ല. ബി.ജെ.പിയുടെ അതേ സമീപനം തന്നെയാണ് ഇവർക്കും.
ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒട്ടേറെ സംഭവങ്ങൾ രാജ്യത്തുണ്ട്. കൊലയും കൂട്ടക്കൊലയും വംശഹത്യയുമുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം.
കോൺഗ്രസിന് അതില്ല. പശുവിന്റെ പേരിൽ ലഹളയുണ്ടായപ്പോൾ ബി.ജെ.പിയുടെ അതേ നിലപാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. പൗരത്വ നിയമ ഭേദഗതി വന്നപ്പോൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞു.
അത് ഇടതുപക്ഷത്തിന്റെ മനസ്സാണ്. പക്ഷെ വർഗീയതയുമായി സമരസപ്പെട്ട നിലപാടാണ് കോൺഗ്രസിനുള്ളത്. ഇത് ജനം തിരിച്ചറിയുന്നുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.