കേരളത്തോട് നിഷേധ സമീപനം സ്വീകരിക്കുമ്പോഴും ഇവിടുത്തെ കോൺഗ്രസും യു.ഡി.എഫും കേന്ദ്ര സർക്കാരിനൊപ്പം; മുഖ്യമന്ത്രി
വൈപ്പിൻ: കേരളത്തിന്റെ വികസനം ഒന്നിച്ചു നിന്ന് തടയാൻ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സർക്കാർ കേരളത്തോട് നിഷേധ സമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോൺഗ്രസും യു.ഡി.എഫും.
കേന്ദ്ര ഭരണത്തിലുള്ള ബി.ജെ.പിക്കൊപ്പം കോൺഗ്രസ് മനസ്സും ചേരുകയായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ അരയക്ഷരം പോലും പറയാത്തവരാണ് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ.
വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലെ നവകേരള സദസ്സുകളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട് പുരോഗതി നേടരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.
എന്നാൽ, യു.ഡി.എഫ് സമീപനത്തിനുള്ള മറുപടിയാണ് നവകേരള സദസ്സിലെത്തുന്ന വൻ ജനക്കൂട്ടം. എന്നാൽ, കോൺഗ്രസും യുഡിഎഫും ഏകപക്ഷീയമായി ബഹിഷ്കരിക്കുകയാണ്.
എന്തിനാണ് ബഹിഷ്കരിച്ചതെന്ന് അവരുടെ അണികൾക്കു പോലും മനസ്സിലായിട്ടില്ല. ബഹിഷ്കരണത്തിനു പുറമേ പലതരത്തിൽ നവകേരള സദസ്സിനെ ഇകഴ്ത്തി കാട്ടാനാണ് യു.ഡി.എഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ തനതു വരുമാനം 2016ൽ 26 ശതമാനമായിരുന്നത് 67 ശതമാനമായി വർധിച്ചു. മൊത്തം ആഭ്യന്തര ഉൽപ്പാദനം 5.60 കോടി രൂപയായിരുന്നത് 10.17 കോടിയായി വർധിച്ചു.
പ്രതിശീർഷ വരുമാന പട്ടികയിൽ ഇന്ത്യയിലെ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വാർഷിക വരുമാനത്തിന്റ 35 ശതമാനം മാത്രമാണ് കേരളത്തിന് കടം.
എന്നാൽ, കേന്ദ്രം വാർഷിക വരുമാനത്തിന്റെ 51 ശതമാനമാണ് കടമെടുക്കുന്നത്. കേന്ദ്ര വിവേചനത്തിനെതിരെ നാടൊന്നാകെ പ്രതികരിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.