ആത്മഹത്യ ചെയ്യുമെന്ന് വാട്ട്സാപ്പ് സന്ദേശം, വായിച്ച ശേഷം റുവൈസ് ബ്ലോക്ക് ചെയ്തു
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥി ഡോ. ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
താന്‍ ജീവനൊടുക്കുകയാണെന്ന് ഷഹന വാട്സ് ആപ്പ് സന്ദേശത്തിലൂടെ ഡോ. റുവൈസിനെ അറിയിച്ചിരുന്നതായും എന്നാൽ മെസേജ് കിട്ടിയതോടെ ഇയാൾ ഷഹനയെ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു ഷഹന മെസേജ് അയക്കുന്നത്. ഇതിന്റെ തെളിവുകൾ ഷഹനയുടെ ഫോണിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റുവൈസ് ഈ സന്ദേശം ഡിലിറ്റ് ചെയ്തിരുന്നു. റുവൈസിന്റെ ഫോണിലെ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ പരിശോധനയക്ക് അയയ്ച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി തന്നെയാണ് ഷഹനയെ അബോധാവസ്ഥയിൽ ഫ്ലാറിൽ കണ്ടെത്തുന്നത്. അതേസമയം, ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്യുമെന്ന് സൂചന.
ഷഹനയെ വിവാഹം കഴിക്കാൻ റുവൈസ് സ്ത്രീധനം ചോദിച്ചതിൽ അച്ഛനും പങ്കുണ്ടെന്ന സൂചനയെത്തുടർന്നാണിത്. ഇക്കാര്യം വ്യക്തമായാൽ ഇയാളും കേസിൽ പ്രതിയാകും.
വീട്ടുകാരാണ് സ്ത്രീധനം ആവശ്യപ്പെട്ടതെന്നും, വീട്ടുകാരെ ധിക്കരിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഷഹ്നയെ റുവൈസ് അറിയിച്ചതിനെത്തുടർന്നാണ് ഷഹന ജീവനൊടുക്കിയതെന്നാണ് വിവരം.
സ്ത്രീധനം ചോദിച്ചതിൽ വീട്ടുകാർക്കു പങ്കുണ്ടെന്നു തന്നെയാണ് ഇതിൽ നിന്നു ലഭിക്കുന്ന സൂചന. ഷഹനയുടെ കുടുംബം നൽകിയ മൊഴിയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.