നവകേരള സദസ്സ്; ഇടുക്കി ജില്ലയില്‍ ഒരുക്കങ്ങൾ പൂർത്തിയായി
ഇടുക്കി: സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസ്സ് 10ന് ഇടുക്കി ജില്ലയില്‍ ആരംഭിക്കും. ഇതിനു മുന്നോടിയായി പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. അതത് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ചു തുടങ്ങും.
അപേക്ഷകളില്‍ സമയബന്ധിത നടപടി ഉറപ്പാക്കുന്നതിനാണ് ഇപ്രകാരം ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ കൃത്യമായ സ്ഥലങ്ങളിലേക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകളാണ് ഓരോ വേദിയിലും ഒരുക്കിയിരിക്കുന്നത് പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പും പരിപാടി കഴിഞ്ഞതിനു ശേഷവും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും.
സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും. പരാതികളില്‍ പൂര്‍ണ്ണമായ വിലാസവും മൊബൈല്‍ നമ്പറും നിര്‍ബന്ധമായി നല്‍കണം.
പരാതിക്കാര്‍ക്ക് രസീത് നല്‍കും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു.
ഡിസംബര്‍ 10,11,12 തീയതികളിലായാണ് ജില്ലയില്‍ നവകേരള സദസ്സ് സംഘടിപ്പിക്കുക. 10 ന് വൈകീട്ട് ആറിന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്ക്വയര്‍ മൈതാനത്ത് നടക്കും. ഇടുക്കി മണ്ഡലത്തില്‍ 11 ന് രാവിലെ 9 ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തയ്യാറാക്കുന്ന പന്തലില്‍ പ്രഭാതയോഗം നടക്കും.
പതിനൊന്ന് മണിക്ക് ഐ.ഡി.എ ഗ്രൗണ്ടില്‍ നവകേരളസദസ്. രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണില്‍ 2.45 ന് സ്വീകരണം. തുടര്‍ന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നവകേരള സദസ് നടത്തും.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് ആറിന് നടക്കും. രാത്രി പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും.
12ന് രാവിലെ ഒമ്പതിന് തേക്കടിയിൽ മന്ത്രിസഭ യോഗം. തുടര്‍ന്ന് 11ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.