വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല, ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി
കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിലെ പ്രഭാതസദസ്സ് നടത്തി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മറ്റു മന്ത്രിമാരും സദസ്സിൽ പങ്കെടുത്തു.
ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് നിരവധിപേർ വിദേശത്ത് പഠനത്തിനായും കുടിയേറ്റത്തിനായും പോകുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. മുൻ തലമുറ വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളംകൈയിൽ ലോകം മുഴുവനും ലഭിക്കുന്ന കാലമാണ്.
വിദേശ പഠനസൗകര്യങ്ങൾ കുട്ടികൾ സ്വയം കണ്ടെത്തുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ മികവ് വർധിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.
പുതിയ കോഴ്സുകളും ആരംഭിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ ഹബ്ബായി കേരളം മാറുമ്പോൾ വിദേശവിദ്യാർഥികളും ഇവിടേക്കെത്തും. ഇവിടെ പഠിക്കുന്നവർക്ക് ജോലി ലഭിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ കോഴ്സുകൾ അത്തരം സ്ഥാപനങ്ങളുമായി സഹകരിച്ച് തുടങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
നമ്മുടെ നാട് ഒന്നിലും പിന്നിലല്ലെന്ന വികാരവും കാലാനുസൃത വികസനം ഇവിടെയുമുണ്ടാകണമെന്ന ജനങ്ങളുടെ ബോധ്യവുമാണ് നവകേരള സദസ്സിലെ വലിയ പങ്കാളിത്തത്തിന് കാരണം.
ഭരണ നിർവഹണ മികവ് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക പ്രധാനമാണ്. മന്ത്രിമാരുടെ നേതൃത്വത്തിൽ ഫയൽ അദാലത്തുകളിലും മികച്ച പ്രതികരണമുണ്ടായി.
മന്ത്രിസഭ ഒന്നാകെ എത്തി മേഖലാതല അവലോകനയോഗം നടത്തി വികസനപ്രശ്നങ്ങളും തടസ്സങ്ങളും ചർച്ച ചെയ്തു. അതിന്റെയെല്ലാം തുടർച്ചയാണ് രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള സദസ്സ്.
കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.