അരവിന്ദ് വെട്ടിക്കലിന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്.
ബിഎസ്.സി നഴ്സിങിന് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിദ്യാർഥികളിൽ നിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വാങ്ങിയതായാണ് പരാതി. വിദ്യാർഥികളിൽ നിന്ന് പണം വാങ്ങിയതായും പരാതിയുണ്ട്.
ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് നിഗമനം. ആരോഗ്യവകുപ്പിലെ ജോലിയുടെ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ പേരിലാണ് അരവിന്ദ് വെട്ടിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആരോഗ്യവകുപ്പിന്റെ വ്യാജ ലെറ്റർപാഡും സീലുകളും ഉപയോഗിച്ചാണ് യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയുമായ അരവിന്ദ് വെട്ടിക്കൽ തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ നവംബറിലാണ് ഏറ്റുമാനൂർ സ്വദേശിനിക്ക് അരവിന്ദ് വെട്ടിക്കൽ വ്യാജ നിയമനക്കത്ത് കൈമാറിയത്. കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റാക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
യുവതിയിൽ നിന്ന് 50000 രൂപയും വാങ്ങിയിരുന്നു. ഇല്ലാത്ത തസ്തികയുടെ പേരിലായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ വെട്ടിക്കൽ. ഇയാളെ 19 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് വിദ്യാർഥികളും നേതാവിന്റെ തട്ടിപ്പിന് ഇരയായതായി പുറത്തുവരുന്നത്.
അരവിന്ദ് കൂടുതൽ തട്ടിപ്പുകൾ സമാന രീതിയിൽ നടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. വ്യാജ തിരിച്ചറിയൽ കാർഡിലൂടെ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വ്യാജ നിയമന തട്ടിപ്പ് യൂത്ത് കോൺഗ്രസ് നേതാവിനു നേരെ ഉണ്ടാകുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്നാണ് ആഴ്ചകൾക്ക് മുമ്പ് എക്സൈസ് സംഘം കഞ്ചാവ് പിടിച്ചത്.
പത്തനംതിട്ടയിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വ്യാജ വോട്ട് ചെയ്യാൻ എത്തിയ യൂത്ത് കോൺഗ്രസുകാരിൽനിന്ന് പൊലീസ് കഞ്ചാവ് പിടിച്ചിരുന്നു.
ഇപ്പോൾ പിടിയിലായ അരവിന്ദ് വെട്ടിക്കലും വ്യാജ തിരിച്ചറിയൽ കാർഡിൽ അറസ്റ്റിലായവരും എല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റ അനുയായികളാണ്.