നവകേരള സദസ് ഇന്ന് മുതല്‍ എറണാകുളം ജില്ലയില്‍
കൊച്ചി: നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസ് ഇന്ന് മുതല്‍ എറണാകുളം ജില്ലയില്‍.
7, 8, 9, 10 തീയതികളിലാണ് ജില്ലയില്‍ നവകേരള സദസ് നടക്കുക. നാടിന്റെ പുരോഗതിയില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്ന വിപുലമായ ഈ പരിപാടിയുടെ ഭാഗമായി സംസ്ഥാന മന്ത്രിസഭയാകെ ഡിസംബര്‍ 23 വരെ 140 നിയോജമണ്ഡലങ്ങളിലും പര്യടനം നടത്തുന്നു.
ഭരണ നിര്‍വഹണത്തില്‍ പുതിയ മാതൃക സൃഷ്ടിക്കുന്ന നവകേരള സദസ്സ് ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും പരാതികളും മന്ത്രിസഭയുമായി നേരിട്ടു പങ്കു വയ്ക്കാനുള്ള അവസരമൊരുക്കിയാണ് മുന്നേറുന്നത്.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, എല്ലാവരിലേയ്ക്കും ഒരുപോലെ ഗുണഫലമെത്തിക്കുന്ന വികസനത്തിന്റെ ബദലാണ് കേരളത്തെ ലോകത്തിനു മാതൃകയാക്കുന്നതെന്നാണ് നവകേരള സദസിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.
ഭൂപരിഷ്കരണവും അധികാര വികേന്ദ്രീകരണവും മുതല്‍ ഇന്നത്തെ ലൈഫ് മിഷന് വരെ ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളെല്ലാം ആ ആശയത്തിന്റെ ആവിഷ്കാരങ്ങളാണ്.
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് നവകേരള സദസ്സും സംഘടിപ്പിക്കുന്നത്. നവകേരള യാത്രയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ജില്ലയിലേക്ക് എത്തുമ്പോള്‍ ഒരു ഡസനിലേറെ പദ്ധതികളാണ് ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഗിഫ്റ്റ് സിറ്റി, അങ്കമാലി ബൈപാസ്, മേല്‍പ്പാലങ്ങള്‍, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി, കടല്‍ഭിത്തി, ഗോശ്രീ സമാന്തര പാലം, സീ പോര്‍ട്ട് - എയര്‍ പോര്‍ട്ട് റോഡ് വികസനം, വൈറ്റില മൊബിലിറ്റി ഹബ് വികസനം, പൂത്തോട്ട നാലുവരി പാത, പിറവം ടൗണ്‍ വികസനം, പെരുമ്പാവൂര്‍ ബൈപ്പാസ്, കോലഞ്ചേരി ബൈപ്പാസ് തുടങ്ങിയ പദ്ധതികളെല്ലാം നവകേരള സദസില്‍ പരിഗണനയ്ക്കെത്തും.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ പ്രഭാത യോഗം. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും.
തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ ബഹുജനസദസില്‍ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ അങ്കമാലി മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കും.
വൈകിട്ട് 3.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തും അഞ്ചിന് പറവൂര്‍ ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തും നവകേരള സദസ് സംഘടിപ്പിക്കും.