സ്ത്രീധനത്തിനായി റുവൈസ് സമ്മർദം ചെലുത്തിയെന്ന് ഷഹനയുടെ സഹോദരൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് സർജറി വിഭാഗം രണ്ടാംവർഷ പി.ജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ മരണത്തിൽ സഹപ്രവർത്തകൻ ഡോ. ഇ.എ റുവൈസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ജാസിം നാസ്.
സ്ത്രീധനത്തിനായി റുവൈസ് സമ്മർദം ചെലുത്തിയെന്നും സ്ത്രീധനത്തിൽ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ സഹോദരി വിഷാദത്തിലേക്ക് പോയെന്നും ജാസിം പറഞ്ഞു.
സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയപ്പോൾ കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ല. സ്ത്രീധനം ചോദിക്കുന്ന കുടുംബത്തിലേക്ക് സഹോദരിയെ അയക്കാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല.
പക്ഷേ ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നെന്നും സഹോദരൻ പറഞ്ഞു.
അതേസമയം ഡോ. ഇ എ റുവൈസിനെ മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഷഹനയുടെ ഉമ്മയുടെ മൊഴിപ്രകാരമാണ് പൊലീസ് നടപടി.
അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. റുവൈസിന്റെ കുടുംബം വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കൾ പൊലീസിനെയും വനിതാ കമീഷൻ അധ്യക്ഷയെയും അറിയിച്ചിരുന്നു.
പിന്നാലെയാണ് ഉമ്മ മൊഴി നൽകിയത്. സ്ത്രീധനമരണമെന്ന് ആരോപണം ഉണ്ടായ സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജിലെ ഫ്ലാറ്റിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യക്കുള്ള മരുന്ന് അമിത അളവിൽ കുത്തിവച്ചതാണ് മരണകാരണം. ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും സാമ്പത്തിക പ്രശ്നത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ അടിസ്ഥാനമാക്കി ന്യൂനപക്ഷ കമീഷൻ കേസെടുത്തു. കലക്ടർ, പൊലീസ് കമീഷണർ, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരോട് 14ന് ഹാജരായി റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഡോ. ഇ.എ റുവൈസിനെ യൂണിറ്റ് പ്രസിഡന്റു സ്ഥാനത്തു നിന്ന് നീക്കിയതായി കേരള മെഡിക്കൽ പി.ജി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.