മിഗ്ജാമ് ചുഴലിക്കാറ്റ്; ആന്ധ്രാ പ്രദേശിൽ മഴ തുടരുന്നു, 3 മരണം, തമിഴ്നാട്ടിൽ നേരിയ ആശ്വാസം
അമരാവതി: മിഗ്ജാമ് ചുഴലിക്കാറ്റ് തീരം തൊട്ടതിനെത്തുടർന്ന് ആന്ധ്രപ്രദേശിന്റെ തെക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്നു. ബപട്ല നഗരത്തിലും സമീപപ്രദേശങ്ങളിലും മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി.
ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്ത് മൂന്ന് മരണം. എലുരു ജില്ലയിൽ കെട്ടിടം തകർന്ന് രണ്ടുപേരും കടപ്പയിൽ മരം വീണ് ഒരു കോൺസ്റ്റബിളുമാണ് മരിച്ചത്.
വടക്കൻ മേഖലയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞേക്കുമെങ്കിലും കനത്ത മഴ തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മണിക്കൂറിൽ 90 - 100 കിലോമീറ്റർ വേഗത്തിൽ ചൊവ്വ പകൽ 12.30നും 2.30നും ഇടയിൽ ബാപട്-ലയിലാണ് ചുഴലി തീരംതൊട്ടത്. ജില്ലയിൽ വൈദ്യുതി, ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു.
നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
രക്ഷാപ്രവർത്തനത്തിന് ഇടയിൽ ജീവൻ നഷ്ടപ്പെട്ട കോൺസ്റ്റബിളിന്റെ കുടുംബത്തിന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം, തമിഴ്നാട്ടിൽ മഴയുടെ ശക്തി കുറഞ്ഞു. ഒമ്പത് ജില്ലകളിലായി 61,600 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 29 എൻ.ഡി.ആർ.എഫ് സംഘങ്ങളെ തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും പുതുച്ചേരിയിലുമായി വിന്യസിച്ചു. മൈസൂരു–- ചെന്നൈ പാതയിൽ എട്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചു വിടുകയും ചെയ്തു.