ഇന്ത്യ - ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പര ഇന്ന് ആരംഭിക്കും
മുംബൈ: ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയ്ക്ക് ഇന്നു തുടക്കം. വനിതാ ടി-20 ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിലാണ് പരമ്പരയെ ഇരുടീമും നോക്കിക്കാണുന്നത്. ഇന്നു രാത്രി ഏഴിന് മത്സരം തുടങ്ങും.
മത്സരത്തിനു മുന്നോടിയായി ഇംഗ്ലണ്ട് എ, ഇന്ത്യ എ പോരാട്ടം നടന്നിരുന്നു. ഇതിൽ ഇംഗ്ലണ്ട് വനിതകൾ മിന്നുമണി നയിച്ച ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യയുടെ ഒന്നാം നമ്പർ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുമെന്നാണ് ആരാധകരുടെ വിശ്വാസം.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന, കനിക അഹൂജ, ദീപ്തി ശർമ പൂജ വസ്ത്രാകർ എന്നിവരുടെ പ്രകടനം നിർണായകമാകും.
കേരളത്തിൻറെ അഭിമാന താരം മിന്നു മണിയും ഇന്ത്യൻ ടീമിലുണ്ട്. ഇന്ത്യ എയ്ക്കുവേണ്ടിയുള്ള മികച്ച പ്രകടനം കണമക്കിലെടുത്ത് മിന്നു മണി അന്തിമ ഇലവനിലുണ്ടാകും. ഷെഫാലിയും സ്മൃതിയും ആയിരിക്കും ഓപ്പണർമാർ.
ഇരുടീമും അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ ഇംഗ്ലണ്ടും രണ്ടെണ്ണം ഇന്ത്യയും വിജയിച്ചു. വളരെ പരിചയസമ്പന്നയായ ബാറ്റർ ഹീതർ നൈറ്റാണ് ഇംഗ്ലണ്ടിൻറെ നായിക.
ആലിസ് കാപ്സെ, മായിയ ബൗച്ചർ,മഹിക ഗൗർ സാറാ ഗ്ലെൻ എന്നീ ബാറ്റിങ് ഓൾ റൗണ്ടർമാരാണ് ഇംഗ്ലണ്ടിൻറെ പ്രധാന കരുത്ത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.
എല്ലാ മത്സരങ്ങളും വാംഖഡെയിൽ അരങ്ങേറും. ടി-20 പരമ്പരയ്ക്കു ശേഷം ഒരു ടെസ്റ്റും ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കളിക്കും. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 14നാണ് ടെസ്റ്റ് തുടങ്ങുന്നത്.