പിഎസ്ജിയില്‍ നിന്ന് ഏറ്റുവാങ്ങിയ പരാജയം വന്‍ തിരിച്ചടി ;ബാഴ്സയുടെ ഭാവി അനിശ്ചിതത്വത്തില്‍
പാരീസ് : ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്കേറ്റ വന്‍ തിരിച്ചടിയുടെ ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.പാരീസ് സെന്റ് ജെര്മെയ്ന് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സയെ തകര്‍ത്തത്. അതുകൊണ്ട് തന്നെ പ്രീ ക്വാര്‍ട്ടറിലെ സ്കോര്‍ മാത്രമല്ല ഇത്. ലോകഫുട്ബോളിലെ സ്വപ്നതുല്യമായ ബാഴ്സലോണയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്.
സ്പാനിഷ് ലീഗില്‍ റയലിനുപിന്നില് രണ്ടാമതാണ് ബാഴ്സ. റയലിനെക്കാള്‍ രണ്ട് കളി കൂടുതല്‍ കളിച്ചിട്ടുകൂടിയാണ് ഈ സ്ഥിതി. കിങ്സ് കപ്പില്‍ ഫൈനലില്‍ എത്തിയതാണ് ഏക ആശ്വാസം. അടുത്ത സീസണില്‍ മെസി ഉണ്ടാകുമെന്ന് ഉറപ്പില്ല. കരാര്‍ പുതുക്കാന്‍ ബാഴ്സയ്ക്ക് സമ്മതമാണെങ്കിലും മെസി ആവശ്യപ്പെടുന്ന തുക കൊടുക്കാന്കഴിയുമോ എന്നതില്‍ സംശയമുണ്ട്. ബജറ്റിന്റെ 70 ശതമാനത്തിലേറെ തുക കളിക്കാര്‍ക്ക് പ്രതിഫലമായി കൊടുക്കാന്പാടില്ലെന്ന നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ ബാഴ്സ പ്രതിസന്ധിയിലേക്കാണ്.
ബാഴ്സ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായാല്‍ കുഴപ്പങ്ങള്‍ മൂര്‍ച്ഛിക്കും. പിഎസ്ജിയോടുള്ള തോല്‍വിക്കു പിന്നാലെ ഡ്രെസിങ് റൂമില്‍ കളിക്കാരുടെ പ്രതികരണത്തില്‍ അതിന്റെ സൂചനകളുണ്ട്. ബാഴ്സ അതിന്റെ നല്ലകാലത്തില്നിന്ന് പിന്നിലേക്കു നടക്കുന്നുവെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ലൂയിസ് എന്റിക്വെയുടെ തന്ത്രങ്ങളിലും വിമര്‍ശമുണ്ട്. നേരത്തെതന്നെ എന്റിക്വെ കളി വിന്യസിപ്പിക്കുന്ന രീതിയോട് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ മുന്നേറ്റനിരയുടെ ബലംകൊണ്ട് ബാഴ്സ ജയിച്ചുകൊണ്ടേയിരുന്നപ്പോള് അത് ശ്രദ്ധിക്കപ്പെട്ടില്ല. മെസിയും സുവാരസും നെയ്മറും ലോകത്തിലെ ഏറ്റവും നല്ല മുന്നേറ്റനിരയാണ്. പന്ത് കാലില്‍ കിട്ടിയാല്‍ കൊണ്ടുപോയി ഗോളടിക്കാന്‍ ഇവര്ക്കറിയാമായിരുന്നതുകൊണ്ട് ദൗര്‍ബല്യം പുറത്തുവന്നിരുന്നില്ല.
ഇതിന് ശക്തമായ തിരിച്ചടികിട്ടും എന്ന ആശങ്ക പാര്‍ക്ക് ദെ പ്രിന്‍സസ് മൈതാനിയില്‍ പിഎസ്ജി യാഥാര്‍ഥ്യമാക്കി. ബാഴ്സയുടെ പിഴവുകളുടെ മര്‍മം കണ്ടറിഞ്ഞാണ് പരിശീലകന് ഉനായ് എമെറി പിഎസ്ജിയെ ഇറക്കിയത്. മധ്യനിരയില്‍ ആന്ദ്രെ ഇനിയേസ്റ്റയെയും സെര്‍ജിയോ ബുസ്ക്വിറ്റസിനെയും ആന്ദ്രെ ഗോമെസിനെയും വളഞ്ഞുവയ്ക്കാന്‍ എമെറി പിഎസ്ജി കളിക്കാരോട് ആവശ്യപ്പെട്ടു. ഇവര്‍ പന്തിനുവേണ്ടി മധ്യനിരയില്‍ പരിഭ്രാന്തരായി ഓടിനടക്കണമെന്ന് എമെറി നിര്‍ദേശിച്ചു. വലതുവിങ്ങിലെ പ്രതിരോധക്കാരന് സെര്‍ജിയോ റോബെര്‍ട്ടോയെ വരെ വെറുതെവിടരുതെന്ന് എമെറി നിര്‍ദേശിച്ചു. ഇടയ്ക്ക് മധ്യനിരയുടെ ചുമതലയിലേക്ക് എന്റിക്വെ റോബെര്‍ട്ടോയെ നിയോഗിക്കുമെന്ന് എമെറിക്ക് അറിയാം. എമെറി മനസ്സില്‍ കണ്ടത് പിഎസ്ജി കളത്തില്‍ കാണിച്ചു.ബാഴ്സയുടെ മധ്യനിരക്കാര്‍ക്ക് തൊടാന്‍ കൊടുക്കാതെ പിഎസ്ജിക്കാര് പന്ത് തട്ടി. 2008ല്‍ പെപ് ഗ്വാര്‍ഡിയോള ബാഴ്സയെ പഠിപ്പിച്ച തന്ത്രം പിഎസ്ജി പ്രയോഗിച്ചു. സാഹസികമാണ് ഈ തന്ത്രം. ഈ സാഹസികത സ്വീകരിച്ചേ പറ്റൂ. വിജയിക്കാന്‍ വെല്ലുവിളി നേരിടണമെന്ന് എമെറി കളിക്കാരോട് പറഞ്ഞു.
ബാഴ്സയുടെ മൂര്‍ച്ചയുള്ള മുന്നേറ്റത്രയം പന്തു കിട്ടാതെ വിഷമിച്ചു. പിഎസ്ജിയുടെ പെനല്‍റ്റി ബോക്സില്‍ ഒറ്റത്തവണപോലും മെസി പന്ത് തട്ടിയില്ല. ആകെ 28 തവണയാണ് മെസിയുടെ ബൂട്ടില്‍ പന്തെത്തിയത്. പിഎസ്ജിക്കാരുടെ മുന്നേറ്റനിരയാകട്ടെ മാരകഫോമിലുമായിരുന്നു. നാല് ഗോളില്‍ ഒതുങ്ങിയത് ബാഴ്സയുടെ ഭാഗ്യം മാത്രമായി.
മാര്‍ച്ച് എട്ടിനാണ് രണ്ടാം പാദം. ബാഴ്സയുടെ നൗ കാമ്പിലാണ് കളി. നാല് ഗോളിന്റെ കടം തീര്‍ക്കുക എന്നത് എളുപ്പമല്ല. ലോകത്ത് ഒരു ടീമിന് മാത്രമെ അത് കഴിയു. ആ ടീമിന്റെ പേര് ബാഴ്സലോണ എന്നും. മെസിയുടെയും സുവാരസിന്റെയും നെയ്മറുടെയും കാലുകള്‍ അതിനു പോന്നതാണ്. പക്ഷെ ഈ പടയോട്ടത്തിനിടയില്‍ ബാഴ്സയുടെ വല ഒരുവട്ടം കുലുങ്ങിയാല്‍ മതി. എല്ലാം തീരും. അതിനുള്ള സാധ്യതയും ചെറുതല്ല. ബാഴ്സയുടെ പ്രതിരോധം ദുര്‍ബലമാണ്.
തോല്‍വിയുടെ കുറ്റം സ്വയം ഏറ്റെടുത്ത എന്റിക്വെ നിരാശയില്‍നിന്നു പുറത്തുവന്നു.രണ്ടാംപാദം ഉണ്ടല്ലോ എന്ന് എന്റിക്വെ പറഞ്ഞു, ബാഴ്സയുടെ സാധ്യത അടഞ്ഞിട്ടില്ലെന്നും. പ്രതീക്ഷയുണ്ട് ഇപ്പോഴും എന്നാണ് എന്റിക്വെ അവസാനമായി പറഞ്ഞത്. അതിലാണ് ഇനി ബാഴ്സയുടെ ഭാവി.