റ്റി.എൻ പ്രതാപൻറെ വാദം തള്ളി കോൺഗ്രസ്
തിരുവനന്തപുരം: കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന റ്റി.എൻ പ്രതാപൻറെ വാദം തള്ളി കോൺഗ്രസ്. കേന്ദ്രത്തിൻറെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ല.
കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിൻറെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രി ധനകാര്യമന്ത്രിയേയും കൂട്ടി 44 ദിവസത്തേക്ക് പോയിരിക്കുകയാണ്.
ഇപ്പോൾ ട്രഷറിയിൽ ഒരു ലക്ഷത്തിന് മുകളിലുള്ള ഒരു ചെക്കും പാസ്സാക്കാനാവാത്ത സ്ഥിതിയാണ്. അക്ഷരാർത്ഥത്തിൽ ട്രഷറി അടഞ്ഞുകിടക്കുകയാണ്. ആഴ്ചയിൽ അഞ്ച് ദിവസം എങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല.
ധനകാര്യമന്ത്രിയാണ് ഏറ്റവും കൂടുതൽ സമയം സെക്രട്ടേറിയറ്റിൽ ഉണ്ടാകേണ്ടയാൾ. ദയവുചെയ്ത് ധനകാര്യമന്ത്രിയെ എങ്കിലും സെക്രട്ടേറിയറ്റിലേക്ക് വിട്ട് അവിടെ വന്നിരിക്കാൻ പറയണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ഒരു മന്ത്രിസഭ മുഴുവൻ 44 ദിവസം തിരുവനന്തപുരത്തു നിന്നും മാറി നിൽക്കുകയാണ്. ഇങ്ങനെ ഒരു സംഭവം കേരളത്തിൻറെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ. തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.
സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പറയുന്നുവെങ്കിൽ, അത് ഗൗരവമേറിയ വിഷയമാണ്.
സർക്കാർ അതേപ്പറ്റി അന്വേഷിക്കണം. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുക ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.