ഗാസ ഇസ്രയേൽ യുദ്ധം 60ആം ദിനം
ഗാസ സിറ്റി: ഗാസ ഇസ്രയേൽ യുദ്ധം ചൊവ്വാഴ്ച 60 ദിവസം തികയുമ്പോൾ എല്ലാം നഷ്ടപ്പെട്ട് അരക്ഷിതരായി ഗാസയിലെ ജനങ്ങൾ. രക്ഷയ്ക്കായി കേന്ദ്രീകരിക്കാൻ ഇസ്രയേൽ നിർദേശിച്ച തെക്കൻ മേഖലയിലടക്കം ഗാസയിൽ അങ്ങോളമിങ്ങോളം ഇസ്രയേൽ ആക്രമണം രൂക്ഷമാക്കി.
കിഴക്ക് ഷുജയ, തുഫ, സെയ്ടൂണിലെ മസ്ജിദ് എന്നിവിടങ്ങളിലേക്ക് ഞായർ രാത്രിയും തിങ്കൾ പുലർച്ചെയും ആക്രമണം നടത്തി. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പ്, കമാൽ അദ്വാൻ ആശുപത്രി, മധ്യഗാസയിൽ നുസൈറത്ത് അഭയാർഥിക്യാമ്പ്, ദേയ്ർ എൽ - ബാല, തെക്ക് ഖാൻ യൂനിസ്, അറ്റ് താന്നോർ, അൽ ജനിന പ്രദേശങ്ങളിലും ആക്രമണമുണ്ടായി.
തെക്കൻ ഗാസയിലേക്ക് സൈനിക ടാങ്കുകൾ എത്തിയതായാണ് റിപ്പോർട്ട്. താൽക്കാലിക വെടിനിർത്തൽ അവസാനിച്ചശേഷം ഇതുവരെ എണ്ണൂറി-ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ സുസ്ഥിരമായ വെടിനിർത്തൽ വേണമെന്ന് സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോഡർ ആവശ്യപ്പെട്ടു.
അതിനിടെ, ഹമാസിന്റെ ഷാതി ബറ്റാലിയൻ കമാൻഡറായ ഹൈതം ഖോജാരിയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിലാണ് ഖോജാരി കൊല്ലപ്പെട്ടത്.
ഹമാസിന്റെ പിടിയിൽ തുടരുന്ന ബന്ദികളെ കണ്ടെത്താൻ ഗാസയിൽ നിരീക്ഷണ വിമാനങ്ങൾ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയും യുദ്ധ വിഷയങ്ങൾ ഫോണിൽ സംസാരിച്ചു.