വിജയ് ഹസാരെ ട്രോഫി; സിക്കിമിനെതിരേ കേരളത്തിന് ഏഴു വിക്കറ്റ് ജയം
ബാംഗ്ലൂർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ സിക്കിമിനെതിരേ കേരളത്തിന് ഏഴു വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിം വെറും 83 റൺസിന് ഓൾഔട്ടായി.
കേരളം 13.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ഇതിനു മുൻപ് കളിച്ച നാല് കളിയിൽ മൂന്നും ജയിച്ച കേരളം ആറു മാറ്റങ്ങളുമായാണ് ദുർബലരായ സിക്കിമിനെ നേരിടാനിറങ്ങിയത്.
ടോപ് ഓർഡർ ബാറ്റർമാരായ കൃഷ്ണ പ്രസാദ്, എം അജിനാസ്, മീഡിയം പേസർ അഭിജിത് പ്രവീൺ എന്നിവർ കേരളത്തിനായി ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ചു. ഇതുകൂടാതെ സ്പിന്നർമാരായ സിജോമോൻ ജോസഫും എസ് മിഥുനും, മധ്യനിര ബാറ്റർ സൽമാൻ നിസാറും ടീമിൽ തിരിച്ചെത്തുകയും ചെയ്തു.
മുതിർന്ന താരങ്ങളായ സച്ചിൻ ബേബി, ബേസിൽ തമ്പി തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചു. കേരളത്തിനു വേണ്ടി അഖിൽ സ്കറിയ, അഭിജിത് പ്രവീൺ, എസ് മിഥുൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇന്നിങ്സ് ഓപ്പൺ ചെയ്ത കൃഷ്ണ പ്രസാദ് 38 റൺസെടുത്ത് പുറത്താകാതെ നിന്നു.
രോഹൻ കുന്നുമ്മൽ(25), എം അജിനാസ്(10), സൽമാൻ നിസാർ(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്നു.
ബാറ്റിങ്ങിനിറങ്ങിയില്ലെങ്കിലും കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ പന്തെറിയാനെത്തിയത് കൗതുകമായി. ഒരോവർ എറിഞ്ഞ സ്കിപ്പർക്ക് വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും, മൂന്നു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.