വസ്തുതകളെ തെറ്റായി അവതരിപ്പിച്ച ചാൻസലർ കൂടിയായ ഗവർണർക്കാണ് കോടതിയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ചത്; മുഖ്യമന്ത്രി
പാലക്കാട്: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻറെ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചരണത്തിന് അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വസ്തുതകളെ തെറ്റായി അവതരിപ്പിച്ച ചാൻസലർ കൂടിയായ ഗവർണർക്കാണ് കോടതിയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ചത്. സ്വയം തീരുമാനമെടുക്കാനുള്ള ചാൻസലറുടെ ഒരവകാശത്തെയും ഹനിക്കുന്ന ഒന്നും സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
ഉണ്ടാകാത്ത ബാഹ്യ സമ്മർദ്ദം ഉണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയായേ ഇതിനെ കാണാനാവൂയെന്നും നവകേരള സദസ്സിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പരമോന്നത നീതി പീഠത്തിൽ നിന്നും ഉണ്ടായ വിധിയിൽ നിയമനാധികാരിയായ ചാൻസലറുടെ നടപടികളെക്കുറിച്ചാണ് പ്രതികൂല പരാമർശങ്ങളുള്ളത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒരഭിപ്രായം പ്രകടിപ്പിച്ചാൽ അതു കാരണം ചട്ടവിരുദ്ധമായതെന്തോ ചെയ്യേണ്ടി വന്നുവെന്ന് ചാൻസലർ പറയുന്നത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സുപ്രീംകോടതിയുടെ വിധി കണ്ണൂർ വി.സി.യുടെ പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കുന്ന ഒന്നാണ്.
രാജ്യത്തെ ഭരണഘടനാ കോടതികൾക്കൊന്നും തന്നെ നിയമന പ്രക്രിയയിൽ എവിടെയും ഒരു ന്യൂനതയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് തൽപ്പരകക്ഷികളുടെ നുണപ്രചരണങ്ങളുടെ ആണിക്കല്ല് ഇളക്കിയിരിക്കുകയാണ്.
വിധി സർക്കാരിന് തിരിച്ചടിയാണെന്ന തരത്തിൽ ചില മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണത്തിൻറെ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കാൻ സുപ്രീംകോടതി വിധിതന്നെ വായിച്ചാൽ മതി.
വിസിയുടെ പുനർനിയമനത്തെ സംബന്ധിച്ച മൂന്ന് നിയമപ്രശ്നങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്.
1) വൈസ് ചാൻസലർ തസ്തിക നിശ്ചിത കാലാവധിയുള്ള തസ്തിക(tenure post) ആയതിനാൽ അതിലേയ്ക്ക് പുനർനിയമനമാകാമോ എന്ന ചോദ്യം. പുനർനിയമനം ആകാമെന്ന ഉത്തരമാണ് ബഹു. സുപ്രീംകോടതിയുടേത്. വിധിന്യായത്തിൻറെ ഖണ്ഡികകൾ 46, 47
2) പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവ്വകലാശാല നിയമപ്രകാരം വൈസ് ചാൻസലർ ആയി പുനർനിയമനം നൽകുമ്പോൾ കണ്ണൂർ സർവ്വകലാശാല നിയമം, 1996 ലെ 10(9) വകുപ്പ് പ്രകാരം നിഷ്കർഷിച്ച പ്രായപരിധി ബാധകമാണോ എന്ന ചോദ്യം. ബാധകമല്ല എന്ന് ബഹു. സുപ്രീംകോടതി വിധിന്യായത്തിൻറെ ഖണ്ഡിക 50ൽ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നു.
3) ആദ്യ നിയമനത്തിലെന്നതുപോലെ പുനർനിയമനത്തിലും സെലക്ഷൻ /സെർച്ച് പാനൽ രൂപീകരിച്ച് അതിൻപ്രകാരം നടപടികൾ ആവർത്തിക്കേണ്ടതുണ്ടോയെന്ന ചോദ്യം. പുനർനിയമനത്തിന് ഈ പ്രക്രിയ ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഖണ്ഡിക 66
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് നൽകിയ പുനർനിയമനം നിയമപ്രകാരവും ചട്ട പ്രകാരവുമാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചതാണ്.
ആ വിധിന്യായങ്ങളെ സുപ്രീംകോടതി പൂർണ്ണമായും ശരിവച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻറെ നിയമന സാധുതയെ ചോദ്യം ചെയ്താണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും രംഗത്തിറങ്ങിയത്.
നിയമന സാധുതയ്ക്കെതിരായ ആ വാദം സുപ്രീംകോടതി അടക്കം രാജ്യത്തെ ഒരു കോടതിയും അംഗീകരിച്ചില്ല എന്നതാണ് ഇവിടെ എടുത്തു പറയേണ്ടത്.
സുപ്രീംകോടതി മുമ്പാകെ ഫയൽ ചെയ്യപ്പെട്ട ഹരജിയിൽ ചാൻസലർ പദവി വഹിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒന്നാം നമ്പർ എതിർകക്ഷിയായിരുന്നു.
സുപ്രീംകോടതി മുമ്പാകെ ചാൻസലർ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി പുനർനിയമിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് എന്നതാണ്. ഈ വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല.
പുനർനിയമനത്തെ സംബന്ധിച്ച് നിലവിലുള്ള യുജിസി ചട്ടങ്ങൾ ഒന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ല എന്നതാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. ചാൻസലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നതാണ് എന്നാണ് ജഡ്ജിമാർ വിധിന്യായത്തിൽ പറയുന്നത്. (പേജ് നമ്പർ 58 ഖണ്ഡിക 67)
പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലറായി പുനർനിയമിച്ച നിയമനാധികാരിയാണ് ചാൻസലർ. അദ്ദേഹം തന്നെ കോടതി മുമ്പാകെ എത്തി, താൻ നടത്തിയത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ നിയമനമാണ് എന്ന് പറയുന്നു.
എന്നാൽ അങ്ങിനെയല്ലെന്ന് സുപ്രീം കോടതി ആ വാദം തിരുത്തുന്നു. വിധി വന്ന ശേഷവും പുനർനിയമനം നിയമവിരുദ്ധമാണെന്നാണ് ചാൻസലർ മാധ്യമങ്ങൾക്ക് മുമ്പാകെ പറയുന്നത്. വിചിത്രമായ നിലപാടാണിത്.
കണ്ണൂർ സർവ്വകലാശാല നിയമപ്രകാരം എക്സ് ഒഫിഷ്യോ പ്രോ ചാൻസലർ ആണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രോ ചാൻസലർ ചാൻസലർക്ക് എഴുതിയ കത്താണ് ബാഹ്യ സമ്മർദ്ദമായി വ്യാഖ്യാനിക്കുന്നത്. ഒരേ നിയമത്തിൻ കീഴിൽ വരുന്ന രണ്ട് അധികാരികൾ തമ്മിൽ നടത്തുന്ന കത്തിടപാടുകൾ എങ്ങിനെ ബാഹ്യസമ്മർദ്ദമാകും?
പുനർനിയമനം ചട്ടപ്രകാരവും നിയമപ്രകാരവും ആണെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. എന്നിട്ടും, ബാഹ്യ സമ്മർദ്ദമാണെന്ന് വാർത്താ മാധ്യമങ്ങൾക്കു മുന്നിലെത്തി ചാൻസലർ പറയുകയാണ്. അതും വിധിക്ക് ശേഷം ആവർത്തിക്കുകയാണ്.
ഈ പറച്ചിൽ, മറ്റേതോ ബാഹ്യ സമ്മർദത്തിന് വഴങ്ങിയാണെന്ന തോന്നൽ പൊതുസമൂഹത്തിലുണ്ടാകുമെന്ന് ഓർക്കുന്നത് നല്ലതാണ്. അഡ്വക്കേറ്റ് ജനറലിൻറെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചാൻസലർക്ക് എത്തിച്ചുവെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല.
അഡ്വക്കേറ്റ് ജനറലിൻറെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ചാൻസലറുടെ രാജ്ഭവനിലെ ഓഫീസിലേയ്ക്ക് അഡ്വക്കേറ്റ് ജനറലിൻറെ നിയമോപദേശം എത്തിച്ചത്.
അതിനു മുമ്പ് ചാൻസലർ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ളവർ ചാൻസലറെ സന്ദർശിച്ച് പുനർനിയമനത്തെ സംബന്ധിച്ച സർവ്വകലാശാല നിയമത്തിലെ വിവിധ വശങ്ങൾ വിശദീകരിച്ചു കൊടുക്കുകയാണുണ്ടായത്.
ചാൻസലർ ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ളവർ അദ്ദേഹത്തെ സന്ദർശിച്ചത്. അതിനെയും സമ്മർദ്ദമായാണ് ചാൻസലർ വ്യാഖ്യാനിക്കുന്നത്.
അഡ്വക്കേറ്റ് ജനറലിൻറെ നിയമോപദേശം വേണമെന്ന് ചാൻസലർ തന്നെയാണ് വാക്കാൽ ആവശ്യമുന്നയിച്ചത്. ആ ആവശ്യമനുസരിച്ചാണ് അഡ്വക്കേറ്റ് ജനറൽ ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും ചാൻസലർക്ക് ലഭ്യമാക്കിയത്.
പ്രൊഫ. ഗോപിനാഥൻ രവീന്ദ്രൻ വിഖ്യാതനായ ചരിത്രപണ്ഡിതനും കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ ചെയ്തിട്ടുള്ള ആളുമാണ്.
സ്വതന്ത്രവും നിർഭയവുമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന അദ്ദേഹത്തെ ഇവിടെനിന്നും തുരത്തണമെന്ന് ഭരണഘടനാ പദവി വഹിക്കുന്നവർക്കുമേൽ ബാഹ്യസമ്മർദ്ദം ചെലുത്തുന്ന ചില ശക്തികൾക്ക് താൽപര്യമുണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണ്.
എന്നാൽ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെച്ചൊല്ലി ആണയിടുന്ന ഇവിടുത്തെ പ്രതിപക്ഷ നേതൃത്വത്തിലുള്ളവർ ഇക്കാര്യത്തിൽ ഇത്ര ആഹ്ലാദിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങളും പുരോഗതിയും ഉണ്ടാക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് സർക്കാർ. രാജ്യത്തിൻറെ പല ഭാഗങ്ങളിലും വർഗീയ ശക്തികൾ സർവ്വകലാശാലകളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.
പാഠ്യപദ്ധതി തന്നെ വിദ്വേഷ പ്രത്യയശാസ്ത്രത്തിൽ മുക്കാൻ ശ്രമിക്കുന്നു. അതിലെല്ലാം വേറിട്ട് നിൽക്കുകയാണ് കേരളം. ആ യശസ്സിനെ തകർക്കാനും പുരോഗതിയെ അട്ടിമറിക്കാനും താല്പര്യമുള്ളവർ ഉണ്ടാകും.
അവരോടൊപ്പമുള്ളരാണ് സുപ്രിം കോടതി വിധി സർക്കാരിന് വലിയ തിരിച്ചടിയെന്ന പ്രചാരണവുമായി ഇറങ്ങുന്നത്. അത്തരക്കാരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സ് മലപ്പുറം ജില്ലയിൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 80,885 നിവേദനങ്ങളാണ്. ഇന്നലെ 27,339 നിവേദനങ്ങൾ ലഭിച്ചു. ഏറനാട് 7605, നിലമ്പൂർ 7458, വണ്ടൂർ 7188, പെരിന്തൽമണ്ണ 5088.