വിവാഹാഭ്യർഥന നിരസിച്ചു, മുംബൈയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുതാൻ ശ്രമം
മുംബൈ: മുംബൈയിൽ വിവാഹാഭ്യർഥന നിരസിച്ച 25കാരിയെ യുവാവ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുതാൻ ശ്രമം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ കാലാചൗക്കി പ്രദേശത്തെ യുവതിയുടെ വീട്ടിലാണ് സംഭവം നടന്നത്. കാലാചൗക്കി ഏരിയയിലെ പരശുറാം നഗറിലെ ഡ്രൈവറായ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു വർഷമായി യുവതിയുമായി അടുപ്പമുള്ള പ്രതി യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും ഈ ആവശ്യം യുവതി നിരസിക്കുകയുമായിരുന്നു.
സഹോദരന്മാർക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അയൽവാസികളുടെ മുന്നിൽ വെച്ച് യുവതി അസഭ്യം പറയുകയുമായിരുന്നു.
ഇതിന് പ്രതികാര മെന്നോണം ചൊവ്വാഴ്ച ഉച്ചയോടെ പ്രതി യുവതിയുടെ വീട്ടിൽ കയറി വലിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ചില അയൽവാസികൾ ഓടിയെത്തിയെങ്കിലും പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരുക്കുകളോടെ കെ.ഇ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഇപ്പോഴും അബോധാവസ്ഥയിലാണ്. പ്രതിയെ പിടികൂടാൻ രൂപീകരിച്ച പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി പരശുറാം നഗറിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതകശ്രമം) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.