മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിന്റെ കരാർ നീട്ടുന്നതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഏറ്റവും കുറഞ്ഞത് 2024 ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെയെങ്കിലും കാലാവധിയുണ്ടാകും. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിനു നൽകിയിരുന്ന ആദ്യ കരാർ.
ഇതു പൂർത്തിയായ സാഹചര്യത്തിൽ, ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്റ്റർ വി.വി.എസ്. ലക്ഷ്മൺ ആണ് ഇന്ത്യൻ ടീമിന്റെ പരിശീലനച്ചുമതല വഹിക്കുന്നത്.
കഴിഞ്ഞ ആഴ്ച തന്നെ ബിസിസിഐ അധികൃതർ ഇക്കാര്യം ദ്രാവിഡുമായി സംസാരിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ, അദ്ദേഹം സമ്മതം അറിയിക്കുന്നത് ബുധനാഴ്ചയോടെ മാത്രമാണ്. ഇതെത്തുടർന്നാ ബി.സി.സി.ഐ ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ദ്രാവിഡ് രൂപപ്പെടുത്തിയ ടീം ഘടനയിൽ തുടർച്ച ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ അധികൃതർ കരാർ നീട്ടാൻ തീരുമാനിച്ചത്.
വാഗ്ദാനം സ്വീകരിച്ച സാഹചര്യത്തിൽ, ഡിസംബറിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും രണ്ടാമൂഴത്തിൽ അദ്ദേഹത്തിന്റെ ആദ്യ ദൗത്യം.
മൂന്ന് മത്സരങ്ങൾ വീതം ഉൾപ്പെട്ട ട്വന്റി 20 - ഏകദിന പരമ്പരകളും രണ്ടു ടെസ്റ്റുകളുമാണ് പര്യടനത്തിലുള്ളത്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ ഇന്ത്യയിൽ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുണ്ട്. 2024 ജൂണിൽ ടി20 ലോകകപ്പും നടക്കും.
2021ലെ ട്വന്റി20 ലോകകപ്പിനു ശേഷമാണ് രവി ശാസ്ത്രിക്കു പകരം ദ്രാവിഡിനെ മുഖ്യ പരിശീലകനായി നിയമിച്ചത്. ദ്രാവിഡിന്റെ പരിശീലനത്തിൽ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടാൻ സാധിച്ചില്ലെങ്കിലും, അസാമാന്യ പ്രകടനത്തോടെ അജയ്യരായി ഫൈനൽ വരെയെത്താൻ സാധിച്ചിരുന്നു.
ദ്രാവിഡ് തുടരുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡിന്റെയും ബൗളിങ് കോച്ച് പരസ് മാംബ്രയുടെയും ഫീൽഡിങ് കോച്ച് ടി. ദിലീപിന്റെയും കരാറുകളും പുതുക്കിക്കൊടുക്കും.