ഡല്‍ഹിയില്‍ വായു നിലവാരം മെച്ചപ്പെട്ടു, നിയന്ത്രണങ്ങള്‍ നീക്കി
ന്യൂഡല്‍ഹി: സ്റ്റേജ് മൂന്ന് പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍.
ഇതു പ്രകാരം ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ബി.എസ് മൂന്നില്‍പ്പെട്ട പെട്രോള്‍, ബി.എസ് നാലില്‍ ഉള്‍പ്പെട്ട ഡീസല്‍ നാലുചക്ര വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാം. ഡല്‍ഹി സര്‍ക്കാരിലെ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നാണ് വിവരം. തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായുനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണിത്.
ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വിഭാഗം അടുത്തിടെ നടത്തിയ പഠനത്തില്‍ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമാം വിധത്തിലേക്ക് താഴ്ന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
നഗരത്തിലെ 24 മണിക്കൂറിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്(എക്യുഐ) എല്ലാദിവസവും വൈകുന്നേരം നാലുമണിക്കാണ് രേഖപ്പെടുത്തുന്നത്.
തിങ്കളാഴ്ച മലിനീകരണത്തിന്റെ തോത് 395 ആയിരുന്നെങ്കില്‍ ചൊവ്വാഴ്ച അത് 312 ആയി കുറഞ്ഞത് ആശ്വാസത്തിനുള്ള വകയാണ്. ഇതേത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഡല്‍ഹിയിലെ വായുവിന്റെ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് തലസ്ഥാന നഗരിയിലും പരിസരപ്രദേശങ്ങളിലുമുള്ള മലിനീകരണത്തെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ബാധ്യതയുള്ള ഭരണഘടനാ സ്ഥാപനമായ ദി കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ്(സി.എ.ക്യു.എം) ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു.