മാർ സ്ലീവാ മെഡിസിറ്റിക്ക് കഹോടെക് ദേശീയ പുരസ്ക്കാരം
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച ജെം ഓഫ് ഇടുക്കിയെന്ന പദ്ധതിക്ക് കഹോടെക് 2023 ദേശീയ പുരസ്ക്കാരം ലഭിച്ചു.
ഇടുക്കിയിലെ സ്പെഷ്യാലിറ്റി സൗകര്യമില്ലാത്ത ആശുപത്രികളെ മാർ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗവുമായി ഓൺലൈനിലൂടെ ബന്ധിപ്പിച്ച് 24 മണിക്കൂറും സൗജന്യ ടെലി ഐ.സി.യു സേവനം ഒരുക്കുന്ന പദ്ധതിയാണ് ജെം ഓഫ് ഇടുക്കി.
കുമളി മുതൽ അടിമാലി വരെയുള്ള ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളെയാണ് ജെം ഓഫ് ഇടുക്കി പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. മലയോര മേഖലയിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ ഉടൻ വിദഗ്ധ ചികത്സ ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
ദൂര യാത്ര ചെയ്തു വരുന്ന കാലതാമസം ഒഴിവാക്കി രോഗിയുടെ ആരോഗ്യനില വേഗത്തിൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന നേട്ടവുമുണ്ട്. മാർ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ജെം ഓഫ് ഇടുക്കി പദ്ധതിയുടെ പ്രവർത്തനം.
പദ്ധതി പ്രകാരം വിവിധ അപകടങ്ങളിൽപ്പെട്ടവർക്കു അടിയന്തര വിദഗ്ദ ചികത്സ നൽകാൻ സാധിക്കുകയും ചെയ്യും. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഹോടെക് പുരസ്ക്കാര സർട്ടിഫിക്കറ്റ് ആശുപത്രി ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത് കെയർ പ്രൊമോഷൻ എ.ജി.എം ശ്രീരാജ് ബി, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർക്ക് കൈമാറി.
സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ, ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി മാനേജർ റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഫാ.തോമസ് മണ്ണൂർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസംഗിച്ചു.