ഫുട്ബോളിന്റെ ടെന്‍ഷനും ക്ഷീണവുമകറ്റാന്‍ മെസിയും സുവാരസും ചെയ്യുന്നത്
മാഡ്രിഡ്: സ്വന്തം പ്രൊഫഷന് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ ഇഷ്ടപ്പെട്ട മേഖലയാണെങ്കില്‍ കൂടി അതില്‍ കുറച്ച് സമയം കിട്ടുമ്പോള്‍ നമ്മള് മറ്റ് ചില പ്രവൃത്തികളില്‍ കൂടി ഏര്‍പ്പെടാറുണ്ട്. പാര്‍ട്ടി, ഡാന്‍സ് ,ഷോപ്പിങ് അങ്ങനെയൊക്കെ .എന്നാല്‍ പ്രശസ്ത ഫുട്ബോള്‍ കളിക്കാരായ ബാഴ്സയുടെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഇവാന് റാകിറ്റിച്ചിന് പറയാനുള്ളത് മറ്റൊരു കാര്യമാണ് .ഫുട്ബോള്‍ കളിക്കിടെ വീണു കിട്ടുന്ന അവസരങ്ങളില്‍ മറ്റ് കളിക്കാരെല്ലാം പുറത്ത് പോയാലും തങ്ങള്‍ മുറി വിട്ട് പോകാറില്ല. കൂടുതല്‍ സമയവും മുറിക്കുള്ളില്‍ തന്നെ ചെലവഴിക്കും.അതിശയിക്കേണ്ട.ഫുട്ബോള്‍ കഴിഞ്ഞാല്‍ ഇരവുര്ക്കും ഏറെ ഇഷ്ടം ലുഡോ ബോര്‍ഡ് കളിക്കാനാണെന്ന് താരങ്ങള്‍ തന്നെ സമ്മതിക്കുന്നു.
മെസിയും സുവാരസും തന്നെയാണ്രേത ഇതിലും മുന്‍നിരയില്‍. അത്രക്കിഷ്ടമാണത്രേ ബാഴ്സ ടീം അംഗങ്ങള്‍ക്ക് ലുഡോ കളിക്കാന്‍. മണിക്കൂറുകള്‍ തന്നെ ഇതിന് മാറ്റിവെക്കും. യാത്രയിലും ലുഡോ ബോര്‍ഡ് കരുതും. കുറച്ച് നേരം കിട്ടിയാല്‍ അപ്പോള്‍ ലുഡോ കളിയായി എല്ലാവരും കൂടി. എന്നാല്‍, ഇതിനൊരു പതിവ് സംഘമുണ്ടത്രേ ബാഴ്സയില്‍. പെപെ കോസ്റ്റ, മെസി, സുവാരസ്, മഷെറാനോ ഇവര്‍ ഒരു ടീമില്‍.
ആന്ദ്രെ ഇനിയെസ്റ്റ, സെര്‍ജിയോ ബുസ്ക്വുറ്റ്സ്, ജോര്‍ഡി അല്‍ബ പിന്നെ ഈ സത്യം വെളിപ്പെടുത്തിയ റാകിറ്റിച്ചും ചേര്‍ന്നാല്‍ രണ്ടാം ടീമായി. പെപ് ഗോര്‍ഡിയോള ബാഴ്സലോണ വിടുന്ന സീസണിലാണ് ലുഡോ ഗെയിം കളിക്കാന്‍ താരങ്ങള്‍ ആരംഭിക്കുന്നത്. മനസിന് ഇത്രയധികം ആനന്ദം നല്കുന്ന ഗെയിം വേറെയില്ലെന്നാണ് റാകിറ്റിചിന്റെ അഭിപ്രായം. ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകിവെച്ച് പാട്ടും കേട്ട് നടക്കുന്നതിനേക്കാള്‍ ആനന്ദം ലുഡോബോര്‍ഡ് നല്‍കുമെന്നും റാകിറ്റിച് പറയുന്നു.
അടുത്തിടെ ഖത്തറിലേക്ക് യാത്ര പോയപ്പോള്‍ ആറ് മണിക്കൂറാണ് ബാഴ്സ താരങ്ങള്‍ ഒറ്റയിരുപ്പില്‍ ലുഡോ കളിച്ചത്. ആളുകളുടെ വിചാരം ഞങ്ങള്‍ വലിയ ഫുട്ബോള്‍ താരങ്ങളല്ലേ, വലിയ വലിയ പാര്‍ട്ടികളില്‍ പങ്കെടുത്തും ആഘോഷിച്ചും ആഡംബര ജീവിതം നയിക്കുന്നവരാണെന്നാണ്. എന്നാല്‍ നേരെ തിരിച്ചാണ്. ഞങ്ങളെല്ലാം കുടുംബനാഥന്മാരാണ്. മെസിയും സുവാരസും ഏറ്റവും കൂടുതല്‍ നേരം കുടുംബത്തോടൊപ്പമാണ്.
ബാഴ്സയിലെ ഭൂരിഭാഗം താരങ്ങളും കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടികള്‍ക്ക് പോകാറില്ല. കഴിഞ്ഞ ദിവസം സുവാരസിന്റെ മുപ്പതാം പിറന്നാളിന് ഞങ്ങളെല്ലാം പോയിരുന്നു. സമ്മാനങ്ങള്‍ നല്കി. രാത്രിഭക്ഷണം അവിടെ നിന്ന് കഴിച്ച് തമാശകളൊക്കെ പങ്കിട്ടാണ് പിരിഞ്ഞത് റാകിറ്റിച് ബാഴ്സയിലെ താര ജീവിതങ്ങളെക്കുറിച്ച് വാചാലനായി.