ഇപ്പോൾ കേരളത്തിൽ ഭീഷണിയൊന്നുമില്ല, കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സാറാ തോമസിന് താമരശ്ശേരി അൽഫോൻസാ സ്കൂളിൽ അന്ത്യോപചാരം അർപ്പിച്ചു; മുഖ്യമന്ത്രി
മലപ്പുറം: ക്യാംപസുകളിൽ വലിയ ആഘോഷ പരിപാടികൾ നടക്കുമ്പോൾ സുരക്ഷാ മുൻകരുതൽ ഉറപ്പാക്കേണ്ടതിൻറെ ആവശ്യകതയ്ക്കാണ് ഈ ദുരന്തം അടിവരയിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കർശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. സർക്കാർ ഇക്കാര്യത്തിൽ സത്വരമായി നടപടി സ്വീകരിക്കുമെന്നും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കളമശ്ശേരി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഇന്ന് മുതൽ നാല് ദിവസം മലപ്പുറം ജില്ലയിലാണ് പര്യടനം.
കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സാറാ തോമസിന് താമരശ്ശേരി അൽഫോൻസാ സ്കൂളിൽ അന്ത്യോപചാരം അർപ്പിച്ചുവെന്നും വ്യവസായ മന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സംഭവം അറിഞ്ഞയുടൻ കളമശ്ശേരിയിലേക്ക് പോയി അവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങളാണ്.
ആദ്യദിനത്തിലെ എണ്ണം വടകരയിൽ പറഞ്ഞിരുന്നു. ബാലുശ്ശേരി 5461, കൊയിലാണ്ടി 3588, എലത്തൂർ 3224, കോഴിക്കോട് നോർത്ത് 2258, കോഴിക്കോട് സൗത്ത് 1517, തിരുവമ്പാടി 3827, കൊടുവള്ളി 3600, കുന്ദമംഗലം 4171, ബേപ്പൂർ 3399 എന്നിങ്ങനെയാണ് രണ്ടും മൂന്നും ദിവസങ്ങളിലെ മണ്ഡലം തിരിച്ചുള്ള കണക്ക്.
ചൈനയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ആശങ്ക ഉണ്ടാകേണ്ടതില്ല. ആരോഗ്യ വകുപ്പ് ഇക്കാര്യം സൂക്ഷ്മതയോടെ വീക്ഷിക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ ഭീഷണിയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.