പ്രതിപക്ഷ നേതാവിന്റെ ഭീഷണി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി
വടകര: യു.ഡി.എഫ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് മൂക്കു കയറിടുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂർ നഗരസഭാ അധ്യക്ഷനെ വി.ഡി. സതീശൻ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം സംവിധാനത്തിൽ ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വടകരയിൽ നവകേരള സദസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു. പറവൂരിൽ മാത്രമല്ല മറ്റു പലിയിടങ്ങളിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നു.
സ്വന്തം പാർട്ടിക്കാരെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത തീരുമാനങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ മണ്ഡലങ്ങളിൽ എം.എൽ.എമാർ പങ്കെടുത്തില്ലെങ്കിലും വൻ ജനപങ്കാളിത്വമാണ് ഉണ്ടായത്.
അതു തന്നെ നവകേരള സദസ് പൂർണ വിജയമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം വഴിയിൽ കാത്തു നിന്ന് അഭിവാദ്യം ചെയ്തു.
വയനാട്ടില്‍ ഇത്ര വലിയ ജനപങ്കാളിത്തം ഉണ്ടാവാനുള്ള കാരണം അവിടുത്തെ അടിസ്ഥാന ജനത്തിന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റിങ് നടത്തിയ സംസ്ഥാനം കേരളം മാത്രമാണ്.
2023- 24 സോഷ്യൽ ഓഡിറ്റിങ് ഓഡിറ്റിലെ ആദ്യ ആറുമാസത്തെ കണക്ക് കേന്ദ്രം പുറത്തുവിട്ടപ്പോള്‍ കേരളമാണ് മുന്നില്‍. ബീഹാറാണ് രണ്ടാമത്. 66.4 ആണ് അവരുടെ ശതമാനം. 64.1 ശതമാനവുമായി ജമ്മുവും 60.4 ശതമാനവുമായി ഒഡിഷയും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്ക്കുന്നു.
കേരളത്തിന് പുറമേ ഈ സംസ്ഥാനങ്ങള്‍ മാത്രമാണ് 60 ശതമാനത്തിന് മുകളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാത്രമല്ല, കെ.കെ. ഷൈലജയ്ക്കെതിരേ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്തോ പറഞ്ഞതായി വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ കെ.കെ. ഷൈലജയുടെ അടുപ്പു പോലും ഏൽക്കില്ല, പിന്നയല്ലെ തന്റെ അടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.